ഉദ്ഘാടനത്തിനൊരുങ്ങി പദ്ധതികൾ പലത്
ആലപ്പുഴ: നഗരസഭയിൽ ഉദ്ഘാടനത്തിനൊരുങ്ങി നിൽക്കുന്നത് പദ്ധതികളുടെ നീണ്ട നിര. അടുത്ത മാസത്തോടെ നഗരസഭ ശതാബ്ദിമന്ദിരം, എയ് റോബിക് കമ്പോസ്റ്റ് സെന്ററുകളുടെ നവീകരണം, ഭിന്നശേഷിക്കാർക്കുള്ള തെറാപ്പിക് സെന്റർ, വിഷരഹിത പച്ചക്കറിയും നെല്ല് ഉത്പാദനവും, ഓൺലൈൻ പഠനത്തിന് ടി.വി, ജനകീയ ഹോട്ടൽ, കനാൽ നവീകരണം, സമ്പൂർണ പാർപ്പിടം തുടങ്ങിയവയുടെ ഉദ്ഘാടനം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ പദ്ധതികളും ആഗസ്റ്റ് 30ന് മുമ്പ് പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ശതാബ്ദി സ്മാരക മന്ദിരം
കളക്ടറേറ്റിനു സമീപം അമ്മൻകോവിലിനടുത്ത്, നഗരസഭയുടെ ഉടമസ്ഥതയിലുള്ള 60 സെന്റിൽ 15 കോടി ചെലവഴിച്ച് അഞ്ച് നില കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം 2017ൽ ആണ് ആരംഭിച്ചത്. 2019ൽ ഉദ്ഘാടനം ലക്ഷ്യമിട്ടെങ്കിലും നടന്നില്ല. 52 വാർഡു മാത്രമേ ഉള്ളെങ്കിലും ഭാവിയിൽ കോർപ്പറേഷൻ ആയാൽ 110 പേർക്ക് ഇരിക്കാൻ കഴിയുന്ന തരത്തിലുള്ള കൗൺസിൽ ഹാളാണ് നിർമ്മിച്ചിട്ടുള്ളത്. ചെയർമാൻ വൈസ് ചെയർമാൻ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, റവന്യു, എൻജിനിയറിംഗ് വിഭാഗങ്ങൾ, ഓഫീസ് തുടങ്ങിയ ആവശ്യത്തിന് പ്രത്യേകം കാബിനുകളോടെയുള്ള ഓഫീസുകൾ തയ്യാറാക്കുന്ന തരത്തിലാണ് കെട്ടിട സമുച്ചയം. ഉദ്ഘാടനത്തിന് ശേഷം ഇപ്പോഴത്തെ കെട്ടിടത്തിൽ നിന്ന് നഗരസഭ ഓഫീസും കൗൺസിൽ ഹാളും ഉൾപ്പെടെയുള്ള ഓഫീസ് സംവിധാനം പുതിയ കെട്ടിട സമുച്ചയത്തിലേക്ക് മാറ്റും.
എയ് റോബിക് കമ്പോസ്റ്റ് സെന്ററുകൾ
നഗരത്തിലെ 27എയ് റോബിക് കമ്പോസ്റ്റ് സെന്ററുകളുടെ നവീകരണത്തിനാണ്. പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. കേന്ദ്രസർക്കാർ സഹായത്തോടെ 9 കോടിയാണ് ഇതിനായി ചെലവഴിക്കുന്നത്.
തെറാപ്പിക് സെന്റർ
നഗരത്തിലെ 52 വാർഡുകളിലെ ഭിന്നശേഷിക്കാർക്കായി തെറാപ്പിക് സെന്റർ സ്റ്റേഡിയത്തിൽ ആരംഭിക്കും. സ്റ്റേഡിയത്തിൽ ഒഴിഞ്ഞു കിടക്കുന്ന 11 കടമുറികൾ ഇതിനായി ഉപയോഗിക്കും. 8 ലക്ഷമാണ് ചെലവഴിക്കുന്നത്
വിഷരഹിത പച്ചക്കറി
വിഷരഹിത പച്ചക്കറിയും നെല്ല് ഉത്പാദനവും വർദ്ധിപ്പിക്കാൻ ഏഴുകോടിയാണ് ചെലവഴിക്കുന്നത്. നഗരത്തിലെ 12 പാടശേഖരങ്ങളിൽ നെല്ല് ഉത്പാദനം വർദ്ധിപ്പിക്കാൻ അഞ്ചു കോടിയും വീട്ടുമുറ്റത്ത് വിഷരഹിത പച്ചക്കറിക്ക് രണ്ട്കോടിയുമാണ് ചെലവഴിക്കുന്നത്.
ഓൺലൈൻ പഠനത്തിന് ടി.വി
ഓൺലൈൻ പഠനത്തിന് 400 ടി.വി വിതരണം ചെയ്യും. ഇതിനായി 35 ലക്ഷം രൂപ നീക്കിവച്ചു
ജനകീയ ഹോട്ടൽ
നഗരത്തിൽ കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്നതിനായി കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് മൂന്ന് ജനകീയ ഹോട്ടലുകൾ അടുത്ത മാസം തുറക്കും. നഗരചത്വരം, പഴവീട്, വാടയ്ക്കൽ തീരം എന്നിവിടങ്ങളിലാണ് ഹോട്ടലുകൾ തുറക്കുന്നത്.
.......................................................
ശതാബ്ദി സ്മാരക മന്ദിരം ഉൾപ്പെടെയുളള പദ്ധതികൾ ആഗസ്റ്റ് 30ന് മുമ്പ് നാടിന് സമർപ്പിക്കും. കൊവിഡ് മാനദണ്ഡം പാലിച്ച് പ്രവർത്തനം വേഗത്തിലാക്കാനും പുരോഗതി വിലയിരുത്താനും ആഗസ്റ്റിൽ കൗൺസിൽ യോഗം ചേരും
ഇല്ലിക്കൽ കുഞ്ഞുമോൻ, ചെയർമാൻ നഗരസഭ
..............................................
ജനങ്ങൾക്ക് കൂടുതൽ സേവനം ഉറപ്പാക്കാനും നഗരസഭയിൽ എത്തുന്നവർക്ക് ആവശ്യമെങ്കിൽ ജില്ലാ ഭരണകൂടത്തിന്റെ സേവനം ലഭിക്കാനും ശതാബ്ദി സ്മാരക മന്ദിരം വൈകാതെ ഉദ്ഘാടനം ചെയ്യണം
ബഷീർ കോയാപറമ്പിൽ, ചെയർമാൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി