t

 ജലാലുദ്ദീന്റെ പറമ്പിലുണ്ട് സകലതും

ആലപ്പുഴ: വീട്ടുമുറ്റം കഴിഞ്ഞുള്ള ചെറിയ ഗേറ്റു തുറന്നാൽ നേരേ പോകുന്നത് പൊക്കത്തിൽ കെട്ടിയ കൂടാരം പോലുള്ള ഷെഡ്ഡിലേക്ക്. അതിനുള്ളിൽ അപൂർവ്വ ഇനങ്ങൾ ഉൾപ്പെട്ട ആട്ടിൻ പറ്റം. അവയ്ക്ക് തീറ്റകൊടുത്തും തൊട്ടും തലോടിയും ജലാലുദ്ദീൻ കുഞ്ഞ് (62) എന്ന കർഷകനും. തുടർന്നങ്ങോട്ടു നടന്നാൽ കാണാം മണ്ണിൽ വിയർപ്പ് വീണാൽ എങ്ങനെ പൊന്നാകുമെന്ന്!

ജില്ലയുടെ തെക്കൻമേഖലയിൽ വള്ളികുന്നം പഞ്ചായത്ത് കന്നിമേൽ ചക്കിട്ടയിൽ വീട്ടുപരിസരം കൃഷിയുടെ വിളനിലമാണ്.നൂറോളം നാടൻ കോഴികൾ, 60 ആടുകൾ, പോത്ത്, മത്സ്യകൃഷി, വാഴ, ജാതി, കുടംപുളി, ഇഞ്ചി, കുരുമുളക്, പപ്പായ,മഞ്ഞൾ,തെങ്ങ്... അങ്ങനെ പോകുന്നു രണ്ട് ഏക്കർ 85 സെന്റിലെ കൃഷി.1500 നാളീകേരം വരെ കിട്ടിയ മാസങ്ങളുണ്ട്.പണത്തോടുള്ള ആർത്തിയല്ല, കൃഷിയോടുള്ള ജലാലുദ്ദീന്റെ അഭിനിവേശമാണ് ഇത്. ലാഭത്തിന്റെ കൃത്യമായ കണക്കെടുപ്പിന് സമയമായില്ലെങ്കിലും എല്ലാ ഇനത്തിൽ നിന്നുമായി ചിലവുകൾ കഴിഞ്ഞ് 40,000 രൂപയെങ്കിലും കൈയിൽ വന്നേക്കും.ദിവസത്തിന്റെ മുക്കാൽ പങ്കും അദ്ദേഹം ചിലവഴിക്കുന്നത് കൃഷിയിടത്തിലാണ്.കഴിഞ്ഞവർഷം വള്ളികുന്നം ഗ്രാമപഞ്ചായത്തിലെ മികച്ച കേരകർഷകനായിരുന്നു. ഭാര്യ നൂർജഹാനും കൃഷികാര്യങ്ങളിൽ സഹായിക്കാറുണ്ട്. എം.ബി.എ കഴിഞ്ഞ മകൻ ബാദുഷ സൗദിയിലാണ്. ഭാര്യ റിനിയും എം.ബി.എക്കാരി.മകൾ ബെൻഷി സകുടുംബം ഖത്തറിലും.

 സിവിൽ എൻജിനിയർ

സിവിൽ എൻജിനിയറിംഗ് ഡിപ്ളോമ വരെ പഠനമെത്തി.മദ്രാസ് സർവ്വകലാശാലയിൽ നിന്ന് അഗ്രിക്കൾച്ചറൽ ഡിപ്ളോമയും നേടി.നാട്ടിൽ ജോലിക്ക് കാത്തു നിൽക്കാതെ 40 വർഷങ്ങൾക്ക് മുമ്പ് സൗദിയിലേക്ക് പറന്നു.അവിടെ പലവിധ ബിസിനസുകൾ.ഇതിനിടെ വീടിനോട് ചേർന്ന് കുറെ സ്ഥലം വാങ്ങി ചെറിയ തോതിൽ കൃഷി തുടങ്ങി.സൗദിയിലെ വ്യാവസായിക അന്തരീക്ഷത്തിന് മാറ്റം വന്നതോടെ ഒന്നര വർഷം മുമ്പ് നാട്ടിലെത്തി.പിന്നെ കൃഷിയായി ജീവിതം.ഒപ്പം സി.കെ. ഗോട്ട് ആൻഡ് ബീഫ് ഫാമും.

സിരോഹി, പഞ്ചാബിൽ നിന്നുള്ള ബീറ്റൽ, യു.പി സ്വദേശി ജമ്നപാരി,തോത്താപുരി,മാർവാരി തുടങ്ങിയ വടക്കേ ഇന്ത്യൻ ഇനങ്ങളും മലബാറി എന്ന നാടൻ ഇനവുമുൾപ്പെട്ടതാണ് ആട് കൃഷി.ബീറ്റലിനും ജമ്നപാരിക്കുമൊക്കെ വളർച്ചയ്ക്ക് അനുസരണമായി 10,000 മുതൽ 35,000 വരെ വിലവരും.ആടുകളെ വളർത്തിവിൽക്കലാണ് പ്രധാനം.ഹരിയാനയിൽ നിന്നുള്ള മുറ ഇനത്തിലെ 10 കന്നുകളുണ്ടായിരുന്നു. ഒമ്പതെണ്ണവും വിറ്റുപോയി.ആറുമാസം വളർത്തിയാൽ ഒരു ലക്ഷത്തിന് മേൽ വില കിട്ടും.അഞ്ച് കുളങ്ങളിലാണ് മത്സ്യക്കൃഷി.തിലോപ്പിയ, അനാബസ് തുടങ്ങിയ മത്സ്യങ്ങളാണ് ഇപ്പോഴുള്ളത്. ഇതും വിപുലമാക്കുന്നുണ്ട്.ബയോ ഗ്യാസ് പ്ളാന്റ് നിർമ്മാണമാണ് മനസിലെ അടുത്ത പദ്ധതി.

 വേണ്ട, സഹായം!

സർക്കാർ വക സാമ്പത്തിക സഹായമൊന്നുമില്ല. ഒരിക്കൽ സഹായത്തിന് ശ്രമിച്ചെങ്കിലും കീറാമുട്ടിയായതോടെ വേണ്ടെന്നു വച്ചു. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ വേണ്ട ഉപദേശങ്ങൾ നൽകുന്നുണ്ട്. സഹായിയായി രാഘവനും. മാതൃകാ കൃഷിത്തോട്ടത്തിനുള്ള പദ്ധതികളും തയ്യാറാവുന്നു.