ആലപ്പുഴ : കൊവിഡ് രോഗികളുടെയും കണ്ടെയിൻമെന്റ് സോണുകളുടെയും എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് കെ.എസ്.ആർ.ടി.സി ഡിപ്പോകളുടെ പ്രവർത്തനത്തിന് ഭീഷണിയാകുന്നു. ജില്ലയിൽ കൂടുതൽ രോഗികളുള്ള കായംകുളം മേഖല പൂർണമായും ഈ മാസം രണ്ടാം തിയതി മുതൽ കണ്ടെയിൻമെന്റ് സോണായതോടെ ഡിപ്പോയുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. ഈ ഡിപ്പോയെ ആശ്രയിച്ച് മാത്രം യാത്ര നടത്തിയിരുന്നവരുടെ സൗകര്യാർത്ഥം കൊല്ലം, കരുനാഗപ്പള്ളി റൂട്ടുകളിൽ സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചിരുന്നു.എന്നാൽ,കരുനാഗപ്പള്ളി ഡിപ്പോയും കഴിഞ്ഞ ദിവസം പൂട്ടി. ഓഫീസ് പ്രവൃത്തി സമയം കഴിഞ്ഞാൽ ബസിൽ യാത്രക്കാരില്ലാത്ത സ്ഥിതിയാണെന്ന് അധികൃതർ പറയുന്നു. ഈ അവസരത്തിൽ കൂടുതൽ സർവീസ് നടത്തുന്നത് വകുപ്പിന് കൂടുതൽ ബാദ്ധ്യത വരുത്തിവെയ്ക്കും. ഓൺലൈൻ ബുക്കിംഗ് നടത്തിയ യാത്രക്കാരാണ് ഇപ്പോൾ കൂടുതലായി എത്തുന്നത്. ജില്ലയിൽ വടക്കൻ മേഖലകളിലുൾപ്പടെ കൊവിഡ് കേസുകൾ കൂടുന്നത് വിവിധ ഡിപ്പോകളുടെ പ്രവർത്തനത്തെയും ബാധിക്കും. യാത്രക്കാരില്ലാത്തതിനാൽ സ്വകാര്യ ബസ് സർവീസുകൾക്കും നഷ്ടക്കണക്കിൽ നിന്ന് കരകയറാനായിട്ടില്ല. കുട്ടനാട് ഭാഗങ്ങളിലും നിരവധി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും, രോഗവ്യാപനമുണ്ടാകാത്തതിനാൽ പ്രദേശത്ത് നിലവിൽ യാത്രാസ്തംഭനമില്ല. കേസുകൾ വർദ്ധിക്കുന്ന സാഹചര്യമുണ്ടായാൽ ജലഗതാഗതമുൾപ്പടെ പ്രതിസന്ധിയിലാവും.
പ്രതികരണമില്ലാതെ 'ബോണ്ട്'
സ്ഥിരം യാത്രക്കാരെയും, സ്വകാര്യ വാഹന യാത്രക്കാരെയും ലക്ഷ്യമിട്ട് പരീക്ഷണാർത്ഥം കെ.എസ്.ആർ.ടി.സി ആരംഭിച്ച ബസ് ഓൺ ഡിമാൻഡ് സംവിധാനത്തിന് കാര്യമായ പ്രതികരണം ലഭിക്കുന്നില്ല. ജില്ലയിൽ എടത്വ, ആലപ്പുഴ, ചേർത്തല ഡിപ്പോകളിലാണ് ബോണ്ട് യാത്രയ്ക്കുള്ള രജിസ്ട്രേഷൻ പുരോഗമിക്കുന്നത്. എന്നാൽ ഒരാഴ്ച്ച പിന്നിടുമ്പോഴും ഒരു ട്രിപ്പ് തികയാനുള്ള യാത്രക്കാർ പോലും രജിസ്ട്രേഷൻ നടത്തിയിട്ടില്ല. സീസൺ ടിക്കറ്റ് എടുത്തവരാകട്ടെ പല റൂട്ടുകളിൽ യാത്ര ചെയ്യേണ്ടവരാണ്. 30 മുതൽ 50 വരെ യാത്രക്കാർ തികയാതെ ബോണ്ട് സർവീസിൽ ഒരു ഷെഡ്യൂൾ ഓട്ടം നടത്താനാവില്ല. ആലപ്പുഴ ഡിപ്പോയിൽ ഇതുവരെ 40 പേരും, എടത്വയിൽ 11 പേരുമാണ് പദ്ധതി വഴി സീസൺ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.
............
യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവ് നിലനിൽക്കുകയാണ്. കായംകുളം ഡിപ്പോ അടച്ചിരിക്കുകയാണെങ്കിലും അത്യാവശ്യ യാത്രക്കാർക്ക് കൊല്ലത്തു നിന്ന് കൂടുതൽ ബസുകൾ ലഭ്യമാക്കിയിട്ടുണ്ട്.
- അശോക് കുമാർ, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ
............