ആലപ്പുഴ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ടെലിമെഡിസിൻ സംവിധാനമൊരുക്കി ആര്യാട് ബ്ലോക്ക് പഞ്ചായത്ത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് ഈ സംവിധാനത്തിലേക്ക് വരുന്നത്. പദ്ധതിയുടെ ട്രയൽ റൺ ഈ ആഴ്ച ആരംഭിക്കും. ധനമന്ത്റി ഡോ.ടി.എം.തോമസ് ഐസക് വിഭാവനം ചെയ്ത പദ്ധതി അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് ബ്ലോക്ക് പഞ്ചായത്ത് ഏ​റ്റെടുത്തത്.

ഒരാഴ്ച ട്രയൽ റൺ നടത്തിയ ശേഷം പോരായ്മകൾ പരിഹരിച്ചു പദ്ധതി സജീവ പ്രവർത്തനത്തിലാക്കാനാണ് തീരുമാനമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ പറഞ്ഞു. വൈസ് പ്രസിഡന്റ് എൻ. പി സ്‌നേഹജൻ, ബ്ലോക്ക് ക്ഷേമ കാര്യ സ്​റ്റാന്റിംഗ് കമ്മി​റ്റി ചെയർമാൻ ജയൻ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ടെലി മെഡിസിൻ ഉൾപ്പെടെ ആർദ്റമീ ആര്യാട് പദ്ധതിക്കായി 42 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. ടെലി മെഡിസിൻ സംവിധാനം എങ്ങനെ ഫലപ്രദമായി നടത്താം എന്നത് സംബന്ധിച്ച് സിഡാക്ക് സയന്റിസ്​റ്റ് ഡോ.പി.ജെ ബിനുവിന്റെ നേതൃത്വത്തിൽ ഡോക്ടർമാർക്കും വോളന്റിയർമാർക്കും വിശദമായ ക്ലാസ്സ് നൽകി. സി ഡാക്ക് തന്നെ വികസിപ്പിച്ച അപ്ലിക്കേഷനാണ് ടെലി മെഡിസിനു വേണ്ടി ഉപയോഗിക്കുന്നത്.

ആശുപത്രിയിൽ പോകാതെ ഡോക്ടറെ കാണാം.

റിവേഴ്‌സ് ക്വാറന്റൈനിലുള്ളവർക്ക് ആശുപത്രിയിൽ പോകാതെ വീട്ടിലിരുന്ന് തന്നെ ഡോക്ടറെ കാണാനുള്ള സൗകര്യം.

ഗുണം കിട്ടുക മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി, മുഹമ്മ, ആര്യാട് പഞ്ചായത്തുകളിൽ റിവേഴ്‌സ് ക്വാറന്റൈനിൽ കഴിയുന്നവർക്ക്.

10 വയസിനു താഴെ യുള്ളവർ , 65 വയസിനു മുകളിലുള്ളവർ, മാരക രോഗമുള്ളവർ, ഗർഭിണികൾ, ഒന്നിലധികം അസുഖമുള്ളവർ എന്നിവരാണ് പട്ടികയിൽ.

15 ഡോക്ടർമാർ

ബ്ലോക്ക് പരിധിയിലുള്ള ആരോഗ്യസ്ഥാപനങ്ങളിലെ 15 ഡോക്ടർമാർ, ആർദ്റമീ ആര്യാടിന്റെ ഭാഗമായുള്ള വോളന്റിയർമാർ, സി ഡാക്ക് എന്നിവരുടെ സഹകരണത്തോടെയാണ് ടെലി മെഡിസിൻ സംവിധാനം നടപ്പാക്കുന്നത്. ബ്ലോക്ക് പരിധിയിലെ 80 വാർഡുകളിലുമായി രൂപീകരിച്ചിട്ടുള്ള ക്വാറന്റൈൻ സപ്പോർട്ട് സെന്ററുകളാണ് ടെലി മെഡിസിൻ സംവിധാനത്തിൽ പ്രധാന പങ്കു വഹിക്കുന്നത്. റിവേഴ്‌സ് ക്വാറന്റൈനിൽ ഇരിക്കുന്നവർക്ക് ഡോക്ടറെ കാണേണ്ട സാഹചര്യം ഉണ്ടായാൽ സപ്പോർട്ട് സെന്ററുകളെ അറിയിക്കണം. സപ്പോർട്ട് സെന്ററുകളിൽ പ്രവർത്തിക്കുന്ന ആർദ്റമീ ആര്യാട് വോളന്റിയർമാർ രോഗികളുടെ വീട്ടിലെത്തും. ഓരോ വാർഡിലും രണ്ടു വോളന്റിയർമാരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. രോഗ വിവരങ്ങൾ ഡോക്ടറോട് പങ്കുവയ്ക്കാനായി മൊബൈൽ ടാബ്ലെ​റ്റും നൽകിയിട്ടുണ്ട്.