ആലപ്പുഴ : ജില്ലയിൽ വിവിധ മണ്ഡലങ്ങളിലെ അഞ്ച് സർക്കാർ സ്‌കൂളുകളിൽ 8.38 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കും. സംസ്ഥാനത്ത് തീരദേശജില്ലകളിലെ തിരഞ്ഞെടുത്ത 56 വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 65 കോടിയുടെ ധനസഹായം കിഫ്ബിയിൽ നിന്ന് നൽകി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമാണ് ഇത്. പദ്ധതിയിലൂടെ തിരഞ്ഞെടുത്ത ഓരോ വിദ്യാലയങ്ങളിലും വിദ്യാർത്ഥികളുടെ ആനുപാതികാടിസ്ഥാനത്തിൽ ക്ലാസ്സ്മുറികൾ, ലൈബ്രറി സംവിധാനം, ലാബുകൾ,സ്റ്റാഫ് മുറികൾ, ശുചിമുറികൾ, എന്നിവ ഒരുക്കും. സംസ്ഥാന തീരദേശവികസന കോർപറേഷനാണ് പദ്ധതിയുടെ നിർമ്മാണ നിർവ്വഹണം . സംസ്ഥാനതല നിർമ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് 3 ന് മുഖ്യമന്ത്റി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ഫിഷറീസ് വകുപ്പ് മന്ത്റി മേഴ്‌സിക്കുട്ടി അമ്മ അദ്ധ്യക്ഷത വഹിക്കും.നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്റി ഡോ.റ്റി.എം. തോമസ് ഐസക്, മന്ത്റി സി. രവീന്ദ്രനാഥ് എന്നിവർ മുഖ്യാതിഥികളായിരിക്കും.
അനുവദിച്ചിട്ടുള്ള തുകയും മണ്ഡലവും
കാർത്തികപ്പള്ളി ഗവ.അപ്പർ പ്രൈമറി സ്കൂൾ- 2,01,21312 രൂപ
തകഴി മെമ്മോറിയൽ ഗവ.അപ്പർപ്രൈമറി സ്‌കൂൾ- 90,37779
വീയപുരം ഗവ.ഹയർസെക്കൻഡറി സ്‌കൂൾ 1,62,19758
ആര്യാട് നോർത്ത് ഗവ.അപ്പർപ്രൈമറി സ്‌കൂൾ 85,13593
കോടംതുരുത്ത് ഗവ. ഹൈസ്‌കൂൾ 2,99,34373