ആലപ്പുഴ: സ്വർണ്ണക്കടത്ത് കേസിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് പറയുന്നതിൽ ആത്മാർത്ഥതയുണ്ടെങ്കിൽ കേന്ദ്ര സർക്കാരിന് കത്ത് നൽകി പരസ്യമായി അഭ്യർത്ഥിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. സ്വർണ കടത്തു കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിനു മുന്നിൽ നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വപ്ന സുരേഷിനെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ ഈ നാട്ടിൽ ആരും വിശ്വസിക്കില്ല.സ്വയം കുഴിയിൽ വീണ് ആരുമറിയാതെ എഴുന്നേറ്റ് രക്ഷപ്പെടാനുള്ള കുതന്ത്രമാണ് മുഖ്യമന്ത്രിയുടേത്. ഐ.ടി വകുപ്പ് സെക്രട്ടറി ശിവശങ്കറിന് എതിരെ ആരോപണം ഉയർന്നപ്പോൾ വിശദീകരണം പോലും ചോദിച്ചില്ല. സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റിയതല്ലാതെ അന്വേഷണം നടത്താൻ ആരെയും നിയോഗിച്ചിട്ടില്ല. ശിവശങ്കറിനെ മാറ്റിയത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള കുതന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.കെ.വാസുദേവൻ, ഡി.അശ്വനി ദേവ്, കൊട്ടാരം ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.