ആലപ്പുഴ : ലോക്ക് ഡൗൺ കാലത്ത് ദുരിതത്തിലായ കലാകാരൻമാർക്ക് സഹായമെത്തിക്കാൻ സംഗീത ആൽബവുമായി ആലപ്പുഴ ജില്ലാ കോടതിയിലെ പബ്ളിക് പ്രോസിക്യൂട്ടർ പി.പി.ഗീത. സഹോദരൻ സലിംകുമാർ നിർമ്മിച്ച ആൽബത്തിലെ പാട്ടുകളുടെ വരികൾ ഗീതയുടേതാണ്.
ലോക്ക് ഡൗൺ നാളുകളിൽ ഗീത എഴുതിയ 25 ഓളം പാട്ടുകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പ്രോത്സാഹനവുമായി നിരവധിപേരെത്തി. തുടർന്നാണ് ബുദ്ധിമുട്ടിലായ കലാകാരൻമാർക്കായി എന്തെങ്കിലും സഹായം ചെയ്യണമെന്ന് തോന്നിയത്. ആദ്യമായാണ് പാട്ടുകൾ എഴുതുന്നതെന്നും ആൽബത്തിൽ നിന്നുള്ള വരുമാനം മുഴുവൻ കലാകാരൻമാരുടെ കുടുംബങ്ങൾക്ക് നൽകുമെന്നും ഗീത പറഞ്ഞു. ഏഴ് പാട്ടുകൾ അടങ്ങിയ ആൽബം ആത്മ ക്രിയേഷൻസിന്റെ ബാനറിലാണിറക്കുന്നത്.
ആലപ്പി സുരേഷ്, ആലപ്പി സെബാസ്റ്റ്യൻ, ഹരിപ്പാട് മധു, ജോയ് സാക്‌സ് തുടങ്ങിയവർ സംഗീതം നൽകിയ ഗാനങ്ങൾ പിന്നണിഗായകൻ സുധീപ്, ഹരീഷ്, ആലപ്പി സുരേഷ്, രഞ്ജു എന്നിവർ ചേർന്നാണ് ആലപിക്കുന്നത്. ജിജി തോമസാണ് ഓർക്കസ്‌ട്രേഷൻ . നാളെ ആലപ്പുഴയിൽ നടക്കുന്ന ചടങ്ങിൽ ഗാനരചയിതാവ് വയലാർ ശരചന്ദ്രവർമ്മ ആൽബം പ്രകാശനം ചെയ്യും. സി.പി.ഐ ജില്ലാസെക്രട്ടറി ടി ജെ.ആഞ്ചലോസ് അദ്ധ്യക്ഷത വഹിക്കും.
പൊതുപ്രവർത്തക കൂടിയായ ഗീത പ്രോസിക്യൂട്ടർ എന്ന നിലയിലും മികവാർന്നപ്രവർത്തനമാണ് നടത്തുന്നത്.
പിതാവ് പൂജപറമ്പിൽ പി.എൻ.തങ്കപ്പന്റെ സ്മരണാർത്ഥം കാവുങ്കലിൽ ഒരു വീട് നിർമ്മിച്ചു നൽകുമെന്നും ഗീത പറഞ്ഞു.