കൊവിഡ് ബാധിച്ച വ്യാപാരി മരിച്ചു
വ്യാപാരകേന്ദ്രങ്ങളിൽ ആശങ്ക
കായംകുളം: കൊവിഡ് ബാധിച്ച് കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കായംകുളം മാർക്കറ്റിലെ വ്യാപാരി, കായംകുളം കൊറ്റുകുളങ്ങര തറയിൽ പടീറ്റതിൽ (മുണ്ടകത്തിൽ) ഷെറഫുദ്ദീൻ (65) മരിച്ചു. പ്ളാസ്മ ചികിത്സയ്ക്കു ശേഷം പരിശോധനാഫലം നെഗറ്റീവായിരുന്നു. ഇദ്ദേഹത്തിന് ഹൃദയ, വൃക്ക സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നതിനാൽ തുടർന്നും വെൻറ്റിലേറ്ററിലായിരുന്നു. ഭാര്യ:സുബൈദ. മക്കൾ: ഹരീസ്, സെമിന. മരുമക്കൾ: സുബൈർ (ഇ.എസ്.കെ വെജിറ്റബിൾ), നൂർജഹാൻ. ഇദ്ദേഹത്തിന്റെ മകളും മരുമകനും ഉൾപ്പെടെ കുടുംബത്തിലെ 17 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കായംകുളം മത്സ്യ വിപണന കേന്ദ്രത്തിലെ തൊഴിലാളിയായ ചെന്നിത്തല സ്വദേശിക്കും ഇയാളുടെ ഭാര്യയും മക്കളും അടക്കം കുടംബത്തിലെ മൂന്നുപേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇവിടത്തെ മറ്റ് രണ്ടു ജീവനക്കാർക്കും സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കൊറ്റുകുളങ്ങരയ്ക്ക് സമീപമുള്ള മത്സ്യ വിപണന കേന്ദ്രത്തിലെ ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർക്ക് പനി വന്നതിനാലാണ് നാല് ദിവസം മുൻപ് കായംകുളം സർക്കാർ ആശുപത്രിയിൽ എത്തി സ്രവം പരിശോധനയ്ക്ക് നൽകിയത്. നൂറുകണക്കിന് ആളുകളുമായി ഇവർ സമ്പർക്കത്തിൽ ഏർപ്പെട്ടെന്നാണ് വിവരം.
ഇവരുമായി സമ്പർക്കത്തിലായവർ കൊവിഡ് ടെസ്റ്റിന് വിധേയമാകണമെന്ന് അധികൃതർ അറിയിച്ചു.
പരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ.
ആകെ 24 പേർക്കാണ് കായംകുളത്ത് രോഗം സ്ഥിരീകരിച്ചത്.ആയിരത്തോളം പേർ ക്വാറന്റൈനിൽ ആകേണ്ട ഗുരുതരമായ സ്ഥിതിയിലാണ് നഗരം.
കായംകുളത്തേക്ക് കൊവിഡ് ഉറവിട പരിശോധനയ്ക്കായി ഉന്നതതല ആരോഗ്യ സംഘത്തെ അയയ്ക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്.കൂടുതൽ വ്യക്തികളെ പരിശോധിക്കുന്നതിനായി മൊബൈൽ പരിശോധനാ യൂണിറ്റ് അനുവദിക്കാനും ഫലം പെട്ടെന്നുതന്നെ ലഭിക്കാൻ നടപടി സ്വീകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ട
----------------------------
വ്യാപാരികൾ ജാഗ്രത കാട്ടണം
കായംകുളത്ത് വ്യാപാരികൾ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും പരിശോധനയ്ക്ക് ഒരു കേന്ദ്രം കൂടി അനുവദിക്കുമെന്നും നഗരസഭ ചെയർമാൻ എൻ.ശിവദാസൻ പറഞ്ഞു. നഗരസഭയുടെ അഭ്യർത്ഥന മാനിച്ച് സാമ്പിൾ പരിശോധനയ്ക്ക് അനുവദിച്ച കേന്ദ്രം ഷെഹിദാർ പള്ളിയോടു ചേർന്നുള്ള മദ്രസാ ഹാളിൽ രണ്ടു ദിവസത്തിനകം ആരംഭിക്കും. സസ്യമാർക്കറ്റ്, മത്സ്യമാർക്കറ്റ് ഉൾപ്പെടെ നഗരത്തിൽ കച്ചവടം നടത്തുന്ന എല്ലാ വ്യാപാരികളും ഒരാഴ്ചയ്ക്കുള്ളിൽ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. പരിശോധന റിപ്പോർട്ടുള്ളവരെ മാത്രമേ വ്യാപാരം നടത്താൻ അനുവദിക്കൂ. നഗരസഭ 4, 9 വാർഡുകളിൽ താമസിക്കുന്ന സമ്പർക്ക സാദ്ധ്യതയുള്ളവരെല്ലാം അടിയന്തിരമായി കൊവിഡ് പരിശോധന നടത്തണം. സ്രവ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിൽ പേര് രജിസ്റ്റർ ചെയ്യണം. പേര് രജിസ്റ്റർ ചെയ്തവരെ മാത്രമേ പരിശോധനയ്ക്ക് വിധേയരാക്കൂ.
ആറു പേർ ഐ.ടി.ബി.പി ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ്
ഇന്നലെ രോഗബാധ 18 പേർക്ക്
ആലപ്പുഴ: ആറു പേർ ഐ.ടി.ബി.പി ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇന്നലെ ജില്ലയിൽ 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 221 ആയി. അഞ്ച് പേർ വിദേശത്ത് നിന്നും നാല് പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. . മൂന്നുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം ബാധിച്ച ഐ.ടി.ബി.പി ഉദ്യോഗസ്ഥരുടെ എണ്ണം പത്തായി.
നിരീക്ഷണത്തിൽ 6971പേർ
ജില്ലയിൽ നിലവിൽ 6871 പേരാണ് നിരീക്ഷണത്തിലുള്ളത്. 246 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നു. ആലപ്പുഴ മെഡി. ആശുപത്രിയിൽ 182ഉം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ 15ഉം ആലപ്പുഴ ജനറൽ ആശുപത്രിയിൽ കായംകുളം ഗവ. ആശുപത്രി എന്നിവടങ്ങളിൽ രണ്ടും വീതം കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ 45ഉം പേരാണ് നിരീക്ഷണത്തിലുള്ളത്.