ഹരിപ്പാട്: വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച് വരുന്ന ഡാണാപ്പടി മാർക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് സുരക്ഷിതമാക്കണമെന്ന് നഗരസഭാ സെക്രട്ടറി രാഗിമോൾക്ക് ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് ഡി. ശ്രീകുമാർ നിർദ്ദേശം നൽകി. പരിസര ശുചീകരണവും മറ്റ് നടപടികളും സ്വീകരിക്കണമെന്നും മത്സ്യവിപണനത്തിന് പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഷെഡിലേക്ക് വ്യാപാരം മാറ്റണമെന്നും മാർക്കറ്റിലെ മലിനജലം ഒഴുകിപ്പോകുന്നതിനായി നിർമ്മിച്ചിട്ടുള്ള ഓടയുടേയും ടാങ്കിന്റെയും അപാകതകൾ പരിഹരിച്ച് പ്രവർത്തന ക്ഷമമാക്കണമെന്നും നിർദ്ദേശിച്ചു. കൂടാതെ മാർക്കറ്റിലെ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ മാർക്കറ്റ് ലേലം പിടിച്ചിരിക്കുന്ന വ്യക്തിക്ക് നിർദ്ദേശം നൽകണമെന്നും മാർക്കറ്റിൽ സ്ഥാപിച്ചിട്ടുള്ള ശൗചാലയങ്ങൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്തണമെന്നും മാർക്കറ്റിൽ നിന്നും തോട്ടിലേക്ക് മാലിന്യങ്ങൾ നിക്ഷേപിക്കാതിരിക്കാനുള്ള നടപടികളും സ്വീകരിക്കണമെന്നും നഗരസഭാ സെക്രട്ടറിയോട് മുൻസിഫ് മജിസ്ട്രേറ്റ് നിർദ്ദേശിച്ചു. കാർത്തികപ്പള്ളി, ഡാണാപ്പടി തോട്ടിലെ ശുചീകരണ പ്രവർത്തനങ്ങളുടെ പരിശോധനയുമായി ബന്ധപ്പെട്ടാണ് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ ചെയർമാൻ കൂടിയായ മുൻസിഫ് മജിസ്ട്രേറ്റ് ഡി. ശ്രീകുമാർ ഡാണാപ്പടിയിൽ എത്തിയത്.