s

 ക്വാറന്റൈൻ കേന്ദ്രങ്ങളായ സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ

ആലപ്പുഴ: ക്വാറന്റൈൻ കേന്ദ്രളായി സർക്കാർ ഏറ്റെടുത്ത ഹോട്ടലുകളുടെയും ലോഡ്ജുകളുടെയും ഉടമകൾ വരുമാനമില്ലാതായതോടെ വല്ലാത്ത പ്രതിസന്ധിയിൽ.

നിരീക്ഷണത്തിലുള്ളവർ താമസിച്ച കാലയളവിലെ വാടക നൽകുമെന്ന് അതത് പഞ്ചായത്ത്, മുനിസിപ്പൽ സെക്രട്ടറിമാർ വാക്കാൽ നൽകിയ ഉറപ്പാണ് ഇവരുടെ പ്രതീക്ഷ. രോഗവ്യാപന സാദ്ധ്യത കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് മുറികളും ഹോട്ടലുകളും ഏറ്റെടുത്തത്. കൂടുതൽ പ്രവാസികളെത്തുമെന്ന കണക്കുകൂട്ടലിൽ നഗരപ്രദേശത്തടക്കം ഭൂരിഭാഗം ഹോട്ടലുകളും ഏറ്റെടുത്തിരുന്നു. എന്നാൽ പ്രവാസികൾ പലരും വീടുകളിൽ തന്നെ ക്വാറന്റൈനിൽ കഴിഞ്ഞതോടെ ഇത്തരം കേന്ദ്രങ്ങൾ പലതും ഉപയോഗിക്കേണ്ടിവന്നില്ല. താമസക്കാരില്ലെങ്കിലും സർക്കാർ അധീനതയിലായതിനാൽ ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കാനോ, മറ്റ് ആവശ്യക്കാർക്ക് നൽകാനോ സാധിക്കുന്നില്ല.

പെയ്ഡ് ക്വാറന്റൈനായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ശുചീകരണത്തിനായി തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് തൊഴിലാളികൾ എത്തുന്നില്ലെന്ന പരാതിയുണ്ട്. ഇതോടെ, ജീവനക്കാർക്ക് നിലവിൽ പണിയില്ലാത്ത സ്ഥിതിയാണ്. കെട്ടിടം വാടകയ്ക്കെടുത്ത് ലോഡ്ജ് നടത്തുന്നവരും ജില്ലയിലുണ്ട്. വാടക, ജീവനക്കാരുടെ ശമ്പളം തുടങ്ങിയവ എങ്ങനെ നൽകുമെന്ന് ഇവർക്ക് യാതൊരു പിടിയുമില്ല. സഞ്ചാരികളാരും എത്താത്തതിനാൽ അടുത്തൊന്നും ഒരു ഉയിർത്തെഴുന്നേൽപ്പ് മേഖലയിൽ പ്രതീക്ഷിക്കുന്നില്ലെന്ന് ഹോട്ടലുടമകൾ പറയുന്നു.

..................

# നഷ്ടവഴി

 രണ്ട് മാസത്തോളം നിരീക്ഷണ താമസക്കാരുണ്ടായിരുന്ന കേന്ദ്രങ്ങൾ നിരവധി

 വൈദ്യുതി ബില്ല്, വെള്ളക്കരം, ജീവനക്കാരുടെ ശമ്പളം എന്നിവ നൽകാൻ വഴിയില്ല

 നിലവിലെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചു.

................

# തൊഴിൽ നഷ്ടം

നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ സെക്യൂരിറ്റി ജീവനക്കാരൻ, റിസപ്ഷൻ മാനേജർ, കൗണ്ടർ മാനേജർ, ക്ലീനിംഗ് ബോയ്സ് തുടങ്ങി പത്തോളം ജീവനക്കാരുണ്ടാവും. ലോഡ്ജുകൾ പലപ്പോഴും ഒരു റൂം ബോയിൽ ഒതുങ്ങും. ഭൂരിഭാഗം പേർക്കും തൊഴിൽ നഷ്ടപ്പെട്ടു. പെയ്ഡ് ക്വാറന്റൈൻ കേന്ദ്രങ്ങളിലെ ജീവനക്കാർക്കാകട്ടെ, രോഗഭീതി മൂലം ജോലിക്ക് പോകാനും സാധിക്കുന്നില്ല.

........................

യാതൊരു ധാരണകളോ ഉടമ്പടിയോ ഇല്ലാതെയാണ് ഹോട്ടലുടമകൾ ക്വാറന്റൈൻ സംവിധാനത്തിനായി മുറികൾ വിട്ടുനൽകിയത്. വരവില്ലെങ്കിലും ചെലവുകൾ ധാരാളമാണ്. താമസക്കാരുണ്ടായിരുന്ന സമയത്തെ വൈദ്യുതി ബില്ലടക്കം പലർക്കും അടയ്ക്കാനായിട്ടില്ല. നിരീക്ഷണത്തിനെത്തിയവർ താമസിച്ചിരുന്ന ദിവസങ്ങളിലെ മുറി വാടക ഉൾപ്പെടെ നൽകാനുള്ള നടപടി സർക്കാർ കൈക്കൊള്ളണം

നാസർ താജ്, ജില്ലാ പ്രസിഡന്റ്, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്സ് അസോസിയേഷൻ