kina

ആലപ്പുഴ:ജില്ലയുടെ തെക്കേ അതിർത്തി പഞ്ചായത്തായ വള്ളികുന്നത്തെ 15, 17, 18 വാർഡുകളി​ലൂടെ കടന്നുപോകുന്ന പ്രധാന പാതയായ കിണർമുക്ക് - വട്ടയ്ക്കാട് റോഡിന് ഒടുവിൽ ശാപമോക്ഷം. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി , പ്രത്യേക റോഡിന്റെ പരിഗണന നൽകി 98 ലക്ഷം രുപയുടെ ഭരണാനുമതിയാണ് രണ്ട് ദിവസങ്ങൾക്ക് മുമ്പ് ലഭിച്ചത്.

കിണർമുക്ക് മുതൽ പുത്തൂരേത്ത് മുക്ക് വരെയുള്ള മൂന്ന് കിലോമീറ്റർ റോഡ് ആധുനിക രീതിയിൽ ടാറിംഗ് നടത്താനുള്ള പദ്ധതിയാണ് തയ്യാറാക്കിയത്.ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായിട്ട് ഒരു വർഷത്തോളമാവുന്നു.കാമ്പിശേരി കരുണാകരൻ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, ദേവസ്വം ബോർഡിന്റെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ വട്ടയ്ക്കാട് ദേവീക്ഷേത്രം തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പോകാനുള്ള റോഡാണ് ഇത്. നേരത്തെ ഇതുവഴി ബസ് സർവീസ് തുടങ്ങിയെങ്കിലും റോഡിന്റെ ശോച്യാവസ്ഥ കാരണം അത് നിലച്ചു.

ഇതിനിടെ കിണറുമുക്ക് മുതൽ ലക്ഷംവീട് ജംഗ്ഷൻ വരെ റോഡ് പുനരുദ്ധരിക്കാൻ 60 ലക്ഷത്തിന്റെ പദ്ധതി തയ്യാറാക്കി സമർപ്പിച്ചിരുന്നു. അതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രത്യേക സ്കീമിൽ ഈ റോഡും ഉൾപ്പെട്ടത്.

തുടർ നടപടികൾ ഉടൻ

റോഡിന്റെ നിർമ്മാണ ജോലികൾ വേഗത്തിലാക്കാൻ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കും. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയതിനാലാണ് തുക കൂടിയത്. ടെൻഡർ അടക്കമുള്ള നടപടികളിലേക്ക് കടക്കണം.

ആർ.രാജേഷ് , മാവേലിക്കര എം.എൽ.എ