boat-

ആലപ്പുഴ: വേമ്പനാട് കായലിൽ കുമരകം കൊഞ്ചുമട ഭാഗത്ത് മത്സ്യബന്ധന വള്ളം ശക്തമായ കാറ്റിൽപ്പെട്ട് മുങ്ങി. മറിഞ്ഞ വള്ളത്തിൽ പിടിച്ചുകിടന്ന ആറ് മത്സ്യത്തൊഴിലാളികളെ ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടെത്തി രക്ഷപ്പെടുത്തി. മുഹമ്മ പള്ളിക്കുന്ന് സ്വദേശികളായ ജയൻ(45), അനന്തു (32), ഷിജി(53),രാജീവ് (44), മനു(30),ബിനു(35) എന്നിവരെയാണ് ജലഗതാഗത വകുപ്പ് ജീവനക്കാർ രക്ഷിച്ചത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. കാറ്റിൽപ്പെട്ട വള്ളം തലകീഴായി മറിഞ്ഞു. മറ്റൊരു വള്ളം നിയന്ത്രണം വിട്ട് ഒഴുകി നടന്നു. മത്സ്യത്തൊഴിലാളികൾ മുഹമ്മ സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിച്ചതനുസരിച്ചാണ് എസ് 52ാം നമ്പർ യാത്രാബോട്ട് രക്ഷാപ്രവർത്തനത്തിന് എത്തിയത്. മുഹമ്മയിൽ നിന്ന് കുമരകത്തെത്തിയ ബോട്ട് തിരികെപ്പോകുമ്പോഴാണ് അപകടവിവരം അറിഞ്ഞത്. തുടർന്ന് മത്സ്യത്തൊഴിലാളികളെ ബോട്ടിൽ കയറ്റി മുഹമ്മയിൽ എത്തിക്കുകയായിരുന്നു. ആർക്കും പരിക്കുകളില്ല. ബോട്ട് മാസ്റ്റർ പ്രേംജിത്ത് ലാൽ, സ്രാങ്ക് അശോക് കുമാർ, ഡ്രൈവർ രാധാകൃഷ്ണൻ, ലാസ്ക്കർമാരായ പി.ആർ.റോയി, പ്രശാന്ത് എന്നീ ജീവനക്കാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.