ആലപ്പുഴ: ഐ.ടി.ബി.പി ഉദ്യോഗസ്ഥർക്കിടയിൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൊവിഡ് കെയർ സെന്ററുകൾ ആരംഭിക്കുന്നതിന് താമരക്കുളത്തെ എം.ആർ.ലോഡ്ജിലെ 16 മുറികൾ, പാലമേൽ കുടശനാട് ഗവൺമെൻറ് എച്ച്.എസ്.എസ് എന്നിവ പൂർണമായും ഏറ്റെടുത്ത് കളക്ടർ എ.അലക്‌സാണ്ടർ ഉത്തരവായി.
ഐ.ടി.ബി.പി. ഉദ്യോഗസ്ഥരെ ക്വാറന്റൈൻ ചെയ്യുന്നതിന് കൂടുതൽ സൗകര്യമൊരുക്കുന്നതിനും പ്രദേശത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനും കളക്ടറുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചു.
ക്വാറന്റൈൻ ക്യാമ്പ് നടത്തുന്നതിന് സൗകര്യങ്ങൾ ഒരുക്കുന്നതിന് ഐ.ടി.ബി.പി ക്യാമ്പ് കമാൻഡറെ ചുമതലപ്പെടുത്തി. ഐ.ടി.ബി.പി ക്യാമ്പിലേക്കും ഉദ്യോഗസ്ഥർക്കും ആവശ്യമായ സാധനങ്ങളുടെ പട്ടികയും പണവും നൽകിയാൽ എത്തിക്കുന്നതിന് വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തി.
കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്തെ കടകൾ രണ്ടു ദിവസം അടച്ച് അണുനശീകരണം നടത്തും. ഐ.ടി.ബി.പി.ഉദ്യോഗസ്ഥർ സന്ദർശിച്ച ബന്ധുക്കളോടും മറ്റുള്ളവരോടും വീടിന് പുറത്തിറങ്ങരുതെന്ന നിർദേശം നല്കിയിട്ടുണ്ട്. പ്രദേശത്തെ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളുടെ മൊത്തം ചുമതല ചെങ്ങന്നൂർ ആർ.ഡി.ഒയെ ചുമതലപ്പെടുത്തി.
ജില്ലാ ഭരണകൂടം ഏറ്റെടുത്ത സ്ഥാപനങ്ങളുടെ ഉടമസ്ഥർ, കസ്റ്റോഡിയൻമാർ എന്നിവർ വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടാലുടൻ സ്ഥാപനങ്ങൾ കൈമാറണം.
സമ്പർക്കമുള്ളവർ
അടിയന്തരമായി ബന്ധപ്പെടണം
ഐ.ടി.ബി.പി. ഉദ്യോഗസ്ഥരുമായി സമ്പർക്കം പുലർത്തിയവർ അടിയന്തിരമായി കളക്ട്രേറ്റിലെ കൺട്രോൾ റൂമിലോ മാവേലിക്കര തഹസിൽദാരുമായോ അടിയന്തിരമായി ബന്ധപ്പെടണം. ഐ ടി ബി പി ക്യാമ്പിലെ ഡ്രൈവർ പോസ്റ്റ് ഓഫീസ് കുറിയർ സർവീസ് എന്നിവരുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ട്. ഇവരും കൺട്രോൾറൂമുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 9447495008. കൺട്രോൾ റൂം നമ്പർ: 0477 2239999.