ചേർത്തല: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ കൺവീനറായിരുന്ന കെ.കെ.മഹേശൻ മൈക്രോഫിനാൻസ് വായ്പയിൽ 3.39 കോടിയുടെ തട്ടിപ്പ് നടത്തിയതായി യൂണിയൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഇതേക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് കത്ത് നൽകിയപ്പോൾ നിഷേധാത്മക മറുപടിയാണ് ലഭിച്ചത്. ചെങ്ങന്നൂർ,മാവേലിക്കര യൂണിയനുകളിൽ നടന്ന വായ്പതട്ടിപ്പിൽ മഹേശൻ നിരപരാധിയാണെന്ന യോഗം ജനറൽ സെക്രട്ടറിയുടെ നിലപാട് വസ്തുതാപരമാണെന്നും അവർ പറഞ്ഞു.

2014 മേയ് 13 മുതൽ 2019 ജൂലായ് 11വരെ അഞ്ച് വർഷത്തിലധികം കെ.കെ.മഹേശൻ ചേർത്തല യൂണിയന്റെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറായിരുന്നു.ഈ കാലയളവിൽ മൈക്രോഫിനാൻസ് സംബന്ധിച്ചും യൂണിയന് കീഴിലെ ശ്രീകണ്ഠേശ്വരം ശാഖയിലെ ഹയർസെക്കൻഡറി സ്കൂൾ നിയമനങ്ങളെ കുറിച്ചും വ്യാപകമായ പരാതി ഉയർന്നിരുന്നു.പുതിയ യൂണിയൻ ഭരണ സമിതി ഇക്കാര്യങ്ങൾ സൂക്ഷ്മതയോടെയും അവധാനതയോടെയും പരിശോധിച്ചു. 23 വ്യാജ യൂണിറ്റുകളുടെ പേരിലാണ് മൈക്രോഫിനാൻസ് വായ്പ തട്ടിപ്പ് നടന്നത്.യൂണിയൻ ബാങ്ക് കലവൂർ ശാഖയുമായുള്ള വായ്പ ഇടപാടിൽ മാത്രം 3.39 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്.60 മാസത്തെ കാലാവധിയിൽ യൂണിയൻ ബാങ്ക് നൽകിയ 5.66 കോടി വായ്പ മൈക്രോഫിനാൻസ് ഗ്രൂപ്പുകൾക്ക് നൽകുകയും 30 മാസത്തെ കാലാവധിക്കുള്ളിൽ തിരിച്ചു വന്ന തുക യൂണിയന്റെ തനത് ഫണ്ടെന്ന വ്യാജേന ചേർത്തല നഗരത്തിലെ സഹകരണബാങ്കിൽ നിക്ഷേപിച്ച് തിരിമറി നടത്തുകയും ചെയ്തു. ശ്രീകണ്ഠേശ്വരം സ്കൂൾ മാനേജരായി പ്രവർത്തിക്കവേ വിദ്യാഭ്യാസ സംഭവനയായി ലഭിച്ച കോടിക്കണക്കിന് രൂപ കണക്കിൽപ്പെടുത്താതെ ക്രമക്കേട് നടത്തിയതായി യൂണിയൻ നിയോഗിച്ച അന്വേഷണ കമ്മിഷൻ കണ്ടെത്തി.തുടർന്ന് വിശദ പരിശോധനയ്ക്കായി നിയോഗിച്ച ചാർട്ടേഡ് അക്കൗണ്ടന്റ് കോടികളുടെ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി റിപ്പോർട്ട് നൽകി.

ഈ ഘട്ടത്തിലാണ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ബ്ലാക്ക് മെയിൽ ചെയ്ത് രക്ഷപ്പെടാൻ നിരവധി പേജുകളുള്ള കത്ത് നൽകിയത്.ഉള്ളടക്കം വായിച്ച് ജനറൽ സെക്രട്ടറി തളരുമെന്നും വരുതിക്ക് വരുമെന്നും നടപടികൾ ഇല്ലാതാക്കുമെന്നും മഹേശൻ കരുതിയിരിക്കാം.

കത്തിലെ ഉള്ളടക്കത്തിൽ സത്യത്തിന്റെ കണിക പോലുമില്ലാത്തതിനാൽ ഒരുമാസം പിന്നിട്ടിട്ടും ജനറൽ സെക്രട്ടറി മുഖവിലയ്ക്ക് എടുക്കുകയോ പ്രതികരിക്കുകയോ ചെയ്തില്ല.വെള്ളാപ്പള്ളിയുടെ ഭാര്യ പ്രീതി നടേശന്റെ ഫോണിലേക്ക് ആത്മഹത്യ ഭീഷണിയായി വാട്ട്സ് ആപ്പ് സന്ദേശം അയച്ചത് ഈ ഘട്ടത്തിലാണ്.ചേർത്തല യൂണിയനു കീഴിലുള്ള വാടകക്കാരെ വനിതാസംഘത്തിന് സൂപ്പർമാക്കറ്റ് തുടങ്ങാനെന്ന പേരിൽ നോട്ടീസ് നൽകി ഒഴിപ്പിച്ച് മഹേശന്റെ സഹാേദരി പുത്രനായ എം.എസ്.അനിൽകുമാറിന്റെ പേരിൽ ബേക്കറി തുടങ്ങാൻ അനുമതി നൽകി. ശേഷം യൂണിയനുമായുമുള്ള വാടക കരാറിന് വിപരീതമായി കെട്ടിടത്തിന്റെ മുൻവശത്തേക്ക് ഇരട്ടിയിലധികം വിസ്തൃതി വർദ്ധിപ്പിച്ചു.അരക്കോടിയോളം രൂപ വിനിയോഗിച്ച് സജ്ജമാക്കിയ മുറികളിൽ ഹോട്ടൽ പ്രവർത്തിക്കുന്നതായും കണ്ടെത്തി.ഇതോടെ വലിയ നിക്ഷേപവും വാടകയും നൽകി കെട്ടിടസമുച്ചയത്തിലെ മറ്റ് മുറികൾ എടുത്തിരിക്കുന്നവർ അവരുടെ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ തടസം നേരിടുന്നതായി യൂണിയനിൽ പരാതി അറിയിച്ചു.മഹേശന്റെ ബിനാമി സ്ഥാപനത്തിലെ ജീവനക്കാർക്ക് വേണ്ടി ചേർത്തല നഗരത്തിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഇരുനില വീടും ഭൂമിയും വാങ്ങി.കൊച്ചിൻ ഷിപ്പ് യാർഡിൽ ജോലിയുള്ള മകനു വേണ്ടി എറണാകുളത്ത് ഫ്ലാറ്റ് വാങ്ങി. കണിച്ചുകുളങ്ങര യൂണിയനിലേക്ക് സ്വന്തം അക്കൗണ്ടിൽ നിന്ന് ഒരു കോടിയിലധികം രൂപ കണക്കിൽ വകയിരുത്തിയതായും അറിയുന്നു.ഇങ്ങനെ വലിയ പണാപഹരങ്ങൾ നടത്തിയ മഹേശൻ സ്വയം വിശുദ്ധനായി പ്രഖ്യാപിച്ചാണ് തട്ടിപ്പിന് കൂട്ടുനിൽക്കാത്ത യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും അദ്ദേഹത്തിന്റെ മാനേജർ കെ.എൽ.അശോകനേയും യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയേയും യൂണിയൻ ഭാരവാഹികളേയും അധിക്ഷേപിച്ച് ജീവനെടുക്കിയത്.അപഹരിച്ച മുതൽ തിരിച്ച് തരില്ലെന്ന വാശിയോടെയാണ് മഹേശൻ ജീവനൊടുക്കിയത്.

എസ്.എൻ.ഡി.പി യോഗത്തിന്റെ വളർച്ചയിൽ വിറളി പൂണ്ടവരാണ് മഹേശന്റെ ആത്മഹത്യയെ പ്രസ്ഥാനത്തെ തകർക്കാനുള്ള ആയുധമായി ഉപയോഗിക്കാൻ ശ്രമിക്കുന്നത്.ഈ വസ്തുത ശ്രീനാരായണ ദർശങ്ങൾ നെഞ്ചേറ്റുന്ന കേരളീയ സമൂഹം തിരിച്ചറിയുമെന്നും യോഗത്തെ ധീരമായി നയിച്ച് മുന്നേറുന്ന വെള്ളാപ്പള്ളി നടേശന് പൂർണ പിന്തുണ നൽകുമെന്ന് ഉറപ്പുണ്ട്.പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്ന കപട ഗുരുഭക്തരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലായിരിക്കുമെന്നും നേതാക്കൾ പറഞ്ഞു.പാവപ്പെട്ട സഹോദരിമാരുടെ പേരിലും പ്രസ്ഥാനത്തിന്റെ പേരിലും കൊള്ളയടിച്ച കോടികൾ തിരിച്ചുപിടിക്കാൻ യോഗ നേതൃത്വവുമായും നിയമവിദഗ്ദ്ധരുമായും ആലോചിച്ച് തുടർനടപടി സ്വീകരിക്കും.വാർത്താ സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ,വൈസ് പ്രസിഡന്റ് രവീന്ദ്രൻ അഞ്ജലി,സെക്രട്ടറി വി.എൻ.ബാബു,യോഗം കൗൺസിലർ പി.ടി.മന്മഥൻ,ഡയറക്ടർ ബോർഡ് അംഗം വി.ശശികുമാർ എന്നിവർ പങ്കെടുത്തു.