കാഴ്ചയില്ലാത്ത വൃദ്ധ
ആലപ്പുഴ: കാഴ്ചയില്ലാത്ത വൃദ്ധന് കൈത്താങ്ങായ യുവതിക്കും ഒപ്പം നിന്ന കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും ആശംസാ പ്രവാഹം. ഒറ്റരാത്രികൊണ്ട് ലക്ഷക്കണക്കിന് പേരാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ഈ വീഡിയോ നെഞ്ചേറ്റിയത്.
ആലപ്പുഴ - തിരുവല്ല റൂട്ടിൽ കുരിശുംമൂട് കവലയിൽ പ്രധാന റോഡിന്റെ ഒത്ത നടുക്ക് നിന്ന അന്ധനായ വൃദ്ധന് തിരുവല്ല ജോളി സിൽക്സിലെ സെയിൽസ് ഗേൾ സുപ്രിയ അരുൺ രക്ഷകയാവുകയായിരുന്നു. പല വാഹനങ്ങളും അദ്ദേഹത്തെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ കടന്നു പോയി. സഹായത്തിന് ആരും വരുന്നില്ല. ചൊവ്വാഴ്ച്ച വൈകിട്ട് 6.30ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ഭർത്താവ് അരുണിനെ കാത്തുനിന്ന സുപ്രിയ ഇതു കണ്ടതോടെ കൂടുതലൊന്നും ആലോചിച്ചില്ല. വൃദ്ധനെ കൈപിടിച്ച് റോഡിന്റെ വശത്തേക്കെത്തിച്ചു. ആ സമയത്താണ് ആലപ്പുഴ- തിരുവല്ല ഓർഡിനറി ബസ് വന്നത്. സ്റ്റോപ്പല്ലാത്തതിനാൽ പ്രതീക്ഷയില്ലാതെ സുപ്രിയ കൈ കാട്ടി. കുറച്ചു മുന്നോട്ട് പോയ ബസിന്റെ ഡ്രൈവർ എസ്.സുനിൽകുമാർ കണ്ണാടിയിലൂടെ കണ്ടത് ബസിന് പിന്നാലെ ഓടി വരുന്ന യുവതിയെയാണ്. ഓടിയെത്തിയ സുപ്രിയ കണ്ടക്ടർ റെമോൾഡിനോട് സഹായം അഭ്യർത്ഥിച്ചു.
വൃദ്ധനെ കൈപിടിച്ച് കൊണ്ടുവരാൻ സുപ്രിയ തിരിച്ചോടുമ്പോഴും ബസ് വിട്ടുപോകുമോയെന്ന് സംശയിച്ച് തിരിഞ്ഞു നോക്കിയിരുന്നു. പക്ഷേ, സുനിൽകുമാർ വണ്ടിയെടുത്തില്ല. അതുകൊണ്ട്, വൃദ്ധനെ ബസിൽ കയറ്റാനായി. തിരുവല്ല സ്റ്റാൻഡിലെത്തിയതോടെ തനിക്ക് പത്തനംതിട്ടയിലെ കോന്നിയിലെത്തണമെന്ന് ഇദ്ദേഹം അറിയിച്ചു. ഇതോടെ പത്തനംതിട്ട ലോക്കൽ ബസിൽ കയറ്റിയതായി സുനിൽകുമാർ പറഞ്ഞു. ചെയ്ത ചെറിയ സഹായം തങ്ങളെ പ്രശസ്തരാക്കുമെന്ന് മൂന്നു പേരും വിചാരിച്ചിരുന്നില്ല.
തിരുവല്ലയിൽ താമസമാക്കിയ സുപ്രിയ തകഴി കുന്നുമ സ്വദേശിയാണ്. ഭർത്താവ് അരുണിന് ടൈൽസിന്റെ പണിയാണ്. മക്കൾ: അശ്വിൻ, വൈഗാലക്ഷ്മി. ആലപ്പുഴ ഡിപ്പോയിലെ ജീവനക്കാരാണ്, കണ്ടക്ടർ പാതിരപ്പള്ളി സ്വദേശി പി.ഡി.റെനോൾഡും ഡ്രൈവർ മണ്ണഞ്ചേരി പൊന്നാട് സ്വദേശി സുനിൽകുമാറും. തിരുവല്ലയിലെ ഹോം അപ്ളയൻസ് കടയിൽ സെയിൽസ്മാനായ ജോഷ്വാ അത്തിമൂട്ടിലാണ് വീഡിയോ പകർത്തി സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തത്. നാലാം നിലയിലുള്ള കടയിലായിരുന്നു ജോഷ്വ.