മാവേലിക്കര- ബ്ലോക്ക് പഞ്ചായത്ത് വളപ്പിൽ ഓണാട്ടുകര കാർഷിക, പൈതൃക, ചരിത്ര മ്യൂസിയം ഒരുക്കുന്നു. പദ്ധതി ആലോചനാ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് വളപ്പിലെ 675 ചതുരശ്രഅടി കെട്ടിടം ഇതിനായി വിനിയോഗിക്കും. പഴയകാല വസ്തുക്കൾ, നാട്ടറിവുകൾ, സാമൂഹ്യ, രാഷ്ട്രീയ, കലാ, സാഹിത്യ ചരിത്രങ്ങൾ ശേഖരിച്ച് വരും തലമുറയ്ക്കായി കാത്തു സൂക്ഷിക്കുക എന്നതാണ് ലക്ഷ്യം.

മ്യൂസിയത്തിലേക്ക് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പുരാതന രേഖകളും പഴയകാല വസ്തുക്കളും സംഭാവനയായി നൽകാം. അവരുടെ പേരും വിലാസവും മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. കേന്ദ്ര കൃഷി വകുപ്പിന്റെ പ്രധാനമന്ത്രി കൃഷി സിംചായി യോജനയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിന് പഠന യാത്രയ്ക്കായി ലഭിച്ച ഫണ്ടാണ് മ്യൂസിയത്തിനായി വിനി​യോഗിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ പഠനയാത്രകൾ സാധ്യമാകാത്ത സാഹചര്യത്തിലാണ് 30 ദിവസംകൊണ്ട് മ്യൂസിയം യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുന്നത്.