tv-r

 എട്ട് മണിക്കൂർ കൊണ്ട് 75 സെന്റ് പറമ്പ് കിളയ്ക്കാം

അരൂർ : പറമ്പു കിളയ്ക്കാൻ തൂമ്പയ്ക്ക് പകരമൊരു കിടിലൻ ഉപകരണം കണ്ടുപിടിച്ചതോടെ നാട്ടിലെ താരമായി മാറിയിരിക്കുകയാണ് 71കാരനായ തോമസ് ആശാൻ. ലോക്ക് ഡൗണിലെ വിരസതയകറ്റാനുള്ള ആലോചനയ്ക്കൊടുവിലാണ് തൂമ്പയ്ക്ക് പകരം ഉപയോഗിക്കാൻ കമ്പിയും പൈപ്പും കൊണ്ടു നിർമ്മിച്ച ഉപകരണം ആശാൻ ഒരുക്കിയത്.

പതിനാല് കിലോ കമ്പി ഇതിനായി വേണ്ടി വന്നു. കത്രികയുടെ തത്വത്തിലാണ് പ്രവർത്തനം. കാലുപയോഗിച്ച് കമ്പി താഴോട്ട് ചവിട്ടിയ ശേഷം കൈകൊണ്ട് മുകളിലേക്ക് ഉയർത്തുമ്പോൾ പുല്ലും മണ്ണും ഇളകി വരും. യന്ത്ര സഹായമില്ലാതെയാണ് ഉപകരണം പ്രവർത്തിക്കുന്നത്. പിന്നിലോട്ട് നടന്നുകൊണ്ടാണ് ഉപകരണം പ്രവർത്തിപ്പിക്കേണ്ടത്. എട്ട് മണിക്കൂർ കൊണ്ട് 75 സെന്റ് സ്ഥലം കിളച്ചു മറിക്കാം. കൂടുതൽ പുല്ല് ഉള്ള സ്ഥലങ്ങളിൽ പുല്ല് മാത്രമായി പറിച്ചു മാറ്റാം. ഒരാളെ കൊണ്ട് മാത്രം പ്രവർത്തിപ്പിക്കത്തക്ക രീതിയിലാണ് ഉപകരണത്തിന്റെ രൂപകല്പന. 6500 രൂപയോളമാണ് നിർമ്മാണ ചെലവ്.

ഒൻപതാം ക്ളാസ് മാത്രം വിദ്ഭ്യാസമുള്ള ആശാന് കണ്ടുപിടിത്തങ്ങൾ ഹരമാണ്. മെക്കാനിക്കൽ മേഖലയിൽ 54 വർഷത്തെ പരിചയ സമ്പത്ത് ഉള്ള അരൂർ മട്ടമ്മൽ വീട്ടിൽ തോമസ് ആശാന്റെ 42ാമത്തെ കണ്ടുപിടിത്തമാണിത്.ഏതു തരം യന്ത്രത്തിന്റെയും പ്രവർത്തനം ഹൃദിസ്ഥമാണ്. . ഏറെപ്പേർ കൃഷി മേഖലയിലേക്ക് കടന്നു വരുന്ന സാഹചര്യത്തിൽ കർഷകർക്കും കാർഷിക ഗ്രൂപ്പുകൾക്കും ഈ ഉപകരണം വളരെ പ്രയോജനകരമാകുമെന്നാണ് ആശാന്റെ പ്രതീക്ഷ. ആവശ്യക്കാർക്ക് കുറഞ്ഞ ചെലവിൽ ചെറിയ വലിപ്പത്തിലും നിർമ്മിച്ചു നൽകാൻ ഇദ്ദേഹം തയ്യാറാണ്. അരുർ മുക്കത്തെ സെന്റ് അഗസ്റ്റിൻസ് വർക്ക് ഷോപ്പ് ഉടമയാണ് തോമസ് . ഫോൺ: 9746276819.

 ആരു വേണമെങ്കിലും

നിർമ്മിച്ചോട്ടെ

താൻ തയ്യാറാക്കിയ ഉപകരണം പ്രയോജനപ്രദമാണോയെന്ന് സാക്ഷ്യപ്പെടുത്തേണ്ടത് കർഷകരാണെന്ന് ആശാൻ പറയുന്നു. 50 കർഷകരെ വിളിച്ചു വരുത്തി യന്ത്രത്തിന്റെ പ്രവർത്തനം വിശദീകരിക്കും. അവർ കൊള്ളാമെന്ന് പറഞ്ഞാൽ ആവശ്യക്കാർക്ക് നിർമ്മിച്ചു നൽകും. നിർമ്മാണ രീതിയും പരിചയപ്പെടുത്തും. ആരു വേണേലും ഇത് നിർമ്മിച്ചോട്ടെ തനിക്ക് പേറ്റന്റൊന്നും വേണ്ടെന്നാണ് ആശാന്റെ പക്ഷം. പ്രായമായവർക്കും പോലും പ്രവർത്തിപ്പിക്കാനായി മൂന്ന് കിലോഗ്രാം ഭാരത്തിൽ ഉപകരണത്തിന്റെ ചെറിയ രൂപം ഉണ്ടാക്കുകയാണ് ആശാന്റെ അടുത്ത ലക്ഷ്യം. ഇപ്പോഴത്തെ യന്ത്രത്തിന് പതിനാല് കിലോയോളം ഭാരം വരും.