ചെന്നിത്തല: തൃപ്പെരുംതുറ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സനെതിരായ അവിശ്വാസപ്രമേയം ഐകകണ്‌ഠേന പാസായി. 18 അംഗങ്ങൾ അടങ്ങുന്ന ഭരണസമിതിയിൽ ബി.ജെ.പിയുടെ 4 അംഗങ്ങൾ ചർച്ചയിൽ നിന്ന് വിട്ടുനിന്നു. യു.ഡി. എഫിന്റെ ആറംഗങ്ങൾ ചർച്ചയ്ക്ക് ശേഷം വോട്ടിംഗിൽ പങ്കെടുക്കാതെ ഇറങ്ങി പോയതിനെതുടർന്നാണ് അവിശ്വാസം പാസായത്. പഞ്ചായത്ത് അംഗങ്ങളുടെ വിശ്വാസം നഷ്ടപ്പട്ടതിനാൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജിവയ്ക്കണമെന്ന് എൽ.ഡി. എഫ് പാർലമെൻററി പാർട്ടി ലീഡർ ഡി. ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. കൊവിഡ് സാഹചര്യത്തിൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നതിൽ ചെയർമാൻ പരാജയപ്പെട്ടു. പുറത്ത് നിന്ന് എത്തുന്നവർക്ക് ക്വാറൻറൈൻ സൗകര്യം ഒരുക്കുന്നതിൽ ഗുരുതരമായ വീഴ്ച്ച വരുത്തി. ക്വാറന്റൈനിൽ കഴിഞ്ഞവർക്ക് അത്യാവശ്യ ഘട്ടത്തിൽ ആംബുലൻസ് നല്കിയില്ല. തുടർന്ന് ഒരു വാർഡ് കണ്ടെയ്ൻമെൻറ് സോൺ ആയി പ്രഖ്യാപിക്കപ്പെട്ടുവെന്നും പ്രമേയത്തിൽ ആരോപിച്ചു.