കുട്ടനാട്: വീട്ടിലേക്കൊരു വഴിക്കുവേണ്ടിയുള്ള പോരാട്ടം മുഴുമിപ്പിക്കാനാവാതെ ചമ്പക്കുളം തെക്കേക്കര കൊച്ചുപുത്തൻപറമ്പിൽ കരുണാകരൻ (70) യാത്രയായി. പരാതിക്ക് വഴിയൊരുക്കിയ അയൽവാസിയുടെ മതിലു പൊളിച്ചാണ് നാട്ടുകാർ മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചത്. ഇതിനെതിരെ പൊലീസ് കേസെടുത്തത് വിവാദമാവുകയും ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കരുണാകരൻ മരണമടയുന്നത്. ചമ്പക്കുളം കൃഷിഭവന് കീഴിലെ നാട്ടായം പാടശേഖരത്തിന് മദ്ധ്യേയുള്ള ചെറിയൊരു പുരയിടത്തിലാണ് കരുണാകരനും കുടുംബവും നാളുകളായി കഴിഞ്ഞിരുന്നത്. രണ്ടുവർഷം മുമ്പ്, അയൽവാസിയായ സ്ത്രീയുമായി വഴിയെച്ചൊല്ലി തർക്കമുണ്ടായി. പിന്നീട് അവർ വഴി മതിലുകെട്ടി അടയ്ക്കുകയും ചെയ്തു. ഇതോടെ വീട്ടിലേക്ക് നേരേ ചൊവ്വേ ഒരു വഴിയില്ലാതായ കരുണാകരൻ നിയമ പോരാട്ടത്തിലായിരുന്നു. ഭാര്യ ശാന്തമ്മ നേരത്തെ മരണമടഞ്ഞിരുന്നു. നാലു പെൺമക്കളുടെ വിവാഹം കൂടി കഴിഞ്ഞതോടെ കരുണാകരൻ ഒറ്റയ്ക്കായി.
ഞായർ രാത്രിയിലാണ് അസുഖം മൂർച്ഛിച്ചത്. പ്രദേശവാസികൾ ആലപ്പുഴ മെഡി. ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം വീട്ടിലെത്തിക്കാൻ മാർഗ്ഗമില്ലാതെ വന്നതോടെയാണ് പ്രദേശവാസികൾ മതിൽ പൊളിച്ചത്. സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി.