ആലപ്പുഴ: കൊവിഡ് വിലങ്ങുതടിയായതോടെ ആലപ്പുഴയിലെ രാജാകേശവദാസ് നീന്തൽക്കുളം നവീകരണ ജോലികൾ വീണ്ടും നീളുന്നു . മൂന്ന് വർഷം മുമ്പ് ആരംഭിച്ച നിർമ്മാണപ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് കൊവിഡിന്റെ വരവ്. പൂളിലും, ഗാലറിയിലും ടൈൽ പാകുന്ന ജോലികളാണ് പുരോഗമിക്കുന്നത്. 90 ശതമാനം ജോലികളും പൂർത്തിയായി. പൂൾ പുതുക്കിയത് കൂടാതെ പുത്തൻ ഗ്യാലറിയും നിർമ്മിച്ചിട്ടുണ്ട്. രാജ്യാന്തര മത്സരം ഉൾപ്പടെ സംഘടിപ്പിക്കാവുന്ന നിലവാരത്തിലാണ് നിർമ്മാണം. പൂളിന് അടിഭാഗത്ത് ഇലക്ട്രിക്കൽ ലൈറ്റുകൾ സ്ഥാപിക്കുന്നതടക്കമുള്ളവ പൂർത്തിയായി. സംസ്ഥാന സർക്കാരിന്റെ സ്പോർട്സ്- എൻജിനീയറിംഗ് വിംഗിന്റെ മേൽനോട്ടത്തിലാണ് ജോലികൾ പുരോഗമിക്കുന്നത്. നിർമ്മാണത്തിനിടെ എസ്റ്റിമേറ്റ് പുതുക്കേണ്ടി വന്നതുൾപ്പടെയുള്ള കാരണങ്ങളാലാണ് പണി അനന്തമായി നീണ്ടുപോയത്. അവസാനവട്ട മിനുക്കു പണികൾ ഉടൻ പൂർത്തിയാകുമെന്നാണ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രതീക്ഷിക്കുന്നത്.
ഫ്ളാഷ് ബാക്ക്
അഞ്ചുകോടി മുതൽമുടക്കി നിർമ്മിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള നീന്തൽക്കുളം 1997-ലാണ് കായികപ്രേമികൾക്കായി തുറന്നു കൊടുത്തത്. 60 പേർക്കു ഒരേ സമയം നീന്തൽ പരിശീലിക്കാൻ കഴിയുന്ന രീതിയിലായിരുന്നു സജ്ജീകരണങ്ങൾ.സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ആറു മാസത്താേളം മികച്ചരീതിയിൽ സ്ഥാപനം പ്രവർത്തിച്ചു. ശമ്പളം കൃത്യമായി ലഭിക്കാതായതോടെ പരിശീലകൻ ജോലി ഉപേക്ഷിച്ചതോടെ നീന്തൽ പരിശീലനവും മുടങ്ങി. 2001ൽ നീന്തൽക്കുളം ഉപയോഗിക്കുന്നതിൽ നിന്നു സ്പോർട്സ് കൗൺസിൽ പിൻമാറി. പിന്നീട് സ്വകാര്യസ്ഥാപനം പാട്ടത്തിനെടുത്തെങ്കിലും നീന്തലിനിടെ ഒരാളുടെ ജീവൻ നഷ്ടപ്പെട്ടതോടെ ഇവരും പിൻവാങ്ങി. ആരും എത്താതായതോടെ ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളമായി. കെട്ടിടത്തിലെ ഫർണീച്ചറും ഇലക്‌ട്രിക്ക് ഉപകരണങ്ങളും മോഷ്ടിക്കപ്പെട്ടു. ദേശീയഗെയിംസ് ആലപ്പുഴയിലെത്തിയപ്പോൾ നീന്തൽക്കുളം അറ്റകുറ്റപണി നടത്തിയിരുന്നു. അനുവദിച്ച പണത്തിന്റെ മൂന്നിലൊന്നുപോലും ചെലവാക്കിയില്ലെന്ന് ആരോപണം ഉയർന്നതോടെ അതും വിവാദത്തിലായി.
2017: നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയത്
ഇപ്പോഴത്തെ സ്ഥിതി
കായികപ്രേമികളുടെയും സന്നദ്ധ സംഘടനകളുടെയും നിരന്തര ആവശ്യത്തെ തുടർന്നാണ് സ്പോർട്സ് കൗൺസിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 2017 ഫെബ്രുവരിയിൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഒച്ചിഴയും പോലെയാണ് നീങ്ങിയത്. ഒരു കോടി 55 ലക്ഷം രൂപയാണ് ചിലവ്.നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ഉയർന്നു വന്ന തൊഴിലാളി പ്രശ്നങ്ങളും,പണം അനുവദിക്കുന്നതിലെ കാലതാമസവും, പുതുക്കിയ എസ്റ്റിമേറ്റു പ്രകാരം ഇടയ്ക്കുവെച്ച് പ്ളാനിൽ മാറ്റം വരുത്തേണ്ടിവന്നതും കാലതാമസത്തിനു കാരണമായി.
..................
ഉപയോഗങ്ങൾ
പരിശീലനം, കുട്ടികൾക്കും നീന്തൽ പ്രേമികൾക്കുമുള്ള ക്യാമ്പുകൾ, മത്സരങ്ങൾ
................
നവീകരണം
50 മീറ്റർ നീളത്തിൽ ഒന്നരലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള പൂൾ
ഗ്യാലറി
പുത്തൻ ഫ്ലോറിംഗും, ഇലക്ട്രിക് സംവിധാനങ്ങളും
..................
മാർച്ച് അവസാനത്തോടെ ഉദ്ഘാടനം നടക്കേണ്ടിയിരുന്നതാണ്. കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവ് വരുന്നതോടെ നീന്തൽക്കുളം പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും. രാജ്യാന്തര നിലവാരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിക്കാവുന്ന തരത്തിലാണ് നിർമ്മാണം. പരിശീലനവും, മത്സരങ്ങളും കൂടാതെ പൊതുജനങ്ങൾക്കുപയോഗിക്കാനുള്ള സംവിധാനവുമുണ്ടാകും
- പ്രദീപ് കുമാർ, ജില്ലാ സെക്രട്ടറി, സ്പോർട്സ് കൗൺസിൽ