ധനമന്ത്രി പ്രഖ്യാപിച്ചത് ഫേസ്ബുക്കിൽ
ആലപ്പുഴ: ധനമന്ത്രി തോമസ് ഐസക് മൂന്നു മാസത്തിനിടെ രണ്ടു തവണ പ്രഖ്യാപനം നടത്തിയിട്ടും സർക്കാർ ഉത്തരവ് ഇറങ്ങാത്തത് മൂലം, ടെക്സ്റ്റൈൽ കോർപ്പറേഷന് കീഴിലുള്ള കോമളപുരം സ്പിന്നിംഗ് ആൻഡ് വീവിംഗ് മില്ലിലെ തൊഴിലാളികളെ ബദലികളാക്കൽ അനന്തമായി നീളുന്നു. സ്ഥിരം തൊഴിലാളിയുടെ പകരക്കാരനായി ജോലിക്ക് നിയോഗിക്കപ്പെടുന്നയാൾ എന്നതാണ് ബദലിയുടെ നിർവചനം. സ്ഥിരം തൊഴിലാളിക്ക് ലഭിക്കുന്ന ഒട്ടുമിക്ക ആനുകൂല്യങ്ങൾക്കും ബദലി തൊഴിലാളികൾ അർഹരാണ്
കഴിഞ്ഞ മാർച്ച് എട്ടിന് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന, കോർപ്പറേഷൻ അധികൃതരുടെയും തൊഴിലാളി സംഘടന പ്രതിനിധികളുടെയും യോഗത്തിൽ സ്ഥാപനത്തിലെ മുഴുവൻ തൊഴിലാളികളെയും ബദലികളാക്കാൻ തീരുമാനിച്ചെന്നും ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ ഉടൻ പുറപ്പെടുവിക്കുമെന്നും ധനമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഉത്തരവിറക്കൽ നടപടികൾ മരവിച്ചു നിന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ മേയിൽ സ്ഥാപനത്തിന്റെ പ്രവർത്തനം ആരംഭിച്ചെങ്കിലും ബദലി നടപടികളെക്കുറിച്ച് വ്യക്തത ഉണ്ടായില്ല.
ഇതോടെ സി.ഐ.ടി.യു ഒഴികെയുള്ള തൊഴിലാളി യൂണിയനുകൾ പ്രതിഷേധമുയർത്തിയിരുന്നു. കഴിഞ്ഞ ജൂൺ ആറിന് സ്ഥാപനത്തിൽ വ്യവസായ മന്ത്രി ഇ.പി.ജയരാജൻ ധനമന്ത്രിക്കൊപ്പം സന്ദർശനം നടത്തുകയും കോർപ്പറേഷൻ നിർമ്മിച്ച മുഖാവരണം (മാസ്‌ക്) പുറത്തിറക്കൽ നിർവഹിക്കുകയും ചെയ്തിരുന്നു. സ്ഥാപനത്തിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ അടിയന്തിരമായി പരിഹരിക്കുമെന്ന് വ്യവസായ മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു. തുടർന്ന് ജൂൺ അവസാന വാരത്തിൽ മില്ലിലെ തൊഴിലാളികളെ ബദലികളാക്കിയതായി പ്രഖ്യാപിച്ചു ധനമന്ത്രി ഫേസ് ബുക്കിൽ പോസ്റ്റിടുകയും മാദ്ധ്യമങ്ങൾക്ക് വാർത്ത നൽകുകയും ചെയ്തു. ഏതാനും ദിവസം കൊണ്ട് ഇറങ്ങേണ്ട ഉത്തരവ് ഇനിയും ഇറങ്ങാത്തതിനാൽ പുതുതായി നിയമിക്കപ്പെട്ട 239 ട്രെയിനി തൊഴിലാളികളും ദിവസവേതനക്കാരായ 106 പഴയ തൊഴിലാളികളും നിലവിലെ വേതന വ്യവസ്ഥയിൽ തുടരുകയാണ്.
ബദലി
ടെക്സ്റ്റൈൽ കോർപ്പറേഷന് കീഴിലുള്ള മില്ലുകളിൽ ട്രെയിനികളായെത്തുന്ന തൊഴിലാളികളെ ആദ്യം ബദലികളാക്കുകയും നിർദിഷ്ട ഹാജർ പൂർത്തിയാക്കുന്നവർക്ക് സ്ഥിര നിയമനം നൽകുകയുമാണ് രീതി.
പ്രതിഷേധം
കോമളപുരം സ്പിന്നിംഗ് മില്ലിലെ തൊഴിലാളികളെ ബദലികളാക്കി എന്ന് ധനമന്ത്രി ഫേസ് ബുക്കിൽ പോസ്റ്റിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും ഉത്തരവ് ഇറങ്ങാത്തതിൽ കേരള സ്പിന്നിംഗ് മിൽ വർക്കേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി) വൈസ് പ്രസിഡന്റ് പി.വി.സുധാകരൻ, ജനറൽ സെക്രട്ടറി ടി.ആർ.ആനന്ദൻ എന്നിവർ പ്രതിഷേധിച്ചു.