ആലപ്പുഴ : പത്തു വർഷത്തിലധികമായി മലിനമായി കിടക്കുന്ന മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ വലിയതോടിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങും. ശ്യാമ പ്രസാദ് മുഖർജി അർബൻ മിഷൻ പദ്ധതി പ്രകാരം നടപ്പാക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഉച്ചക്ക് 2.30ന്എ.എം.ആരിഫ് എം. പി നിർവഹിക്കും. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പരിധിയിൽ ഉള്ള വലിയ തോടിന്റെ മാലിന്യം നീക്കി ആഴം കൂട്ടി സൗന്ദര്യവൽക്കരിക്കുന്ന പ്രവർത്തനങ്ങൾക്കാണ് തുടക്കമാകുക. വലിയതോട് മുതൽ ചെത്തി പൊഴി വരെയുള്ള തോടാണ് നവീകരിക്കുന്നത്. തോട് വൃത്തിയാക്കുന്നതിലൂടെ പ്രദേശത്തെ ശുദ്ധജല ക്ഷാമത്തിനും വെള്ളക്കെട്ടിനും ശാശ്വത പരിഹാരം കണ്ടെത്താൻ സാധിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി.പ്രിയേഷ് കുമാർ പറഞ്ഞു.
പ്രദേശത്തെ ആളുകളുടെ നിത്യ ആശ്രയമായിരുന്ന തോട് ക്രമേണ മാലിന്യകേന്ദ്രമായി മാറുകയായിരുന്നു. അടിത്തട്ട് മലിനമായതോടെ അടിയൊഴുക്കില്ലാതെ ഉപയോഗ ശൂന്യമായ തോടുകൾ വൃത്തിയാക്കുക എന്നുള്ള പ്രദേശ വാസികളുടെ ദീർഘനാളായുള്ള ആവശ്യമാണ് പ്രാവർത്തികമാകുന്നത്. 1.65 ലക്ഷമാണ് പദ്ധതി ചെലവ്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. പ്രിയേഷ് കുമാർ അധ്യക്ഷത വഹിക്കും.