boat-jeevanakkar

 മുങ്ങിയ വള്ളത്തിൽ നിന്ന് ആറ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

ആലപ്പുഴ: വേമ്പനാട് കായലിൽ പാതിരാമണൽ ദ്വീപിന് സമീപം കാറ്റിലും കോളിലും പെട്ട് മത്സ്യബന്ധന വള്ളങ്ങൾ മുങ്ങി. ആറ് മത്സ്യത്തൊഴിലാളികളെ ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടിലെ ജീവനക്കാർ രക്ഷപ്പെടുത്തി.

മുഹമ്മ സ്വദേശികളായ രാജു ( 58), പ്രകാശൻ (58), രജിമോൻ (46), വിനീഷ് (43), മനോജ് (40), അനിമോൻ (42) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. രണ്ട് വള്ളങ്ങളിലായി മത്സ്യബന്ധനത്തിന് പോയ ഇവർ ശക്തമായ കാറ്റിൽപ്പെടുകയായിരുന്നു. ഒരു വള്ളം തലകീഴായി മറിഞ്ഞു. മറ്റൊരു വള്ളം തുഴയാനാകാത്ത സ്ഥിതിയിലുമായിരുന്നു. ഈ സമയം കുമരകത്ത് നിന്ന് മുഹമ്മയിലേയ്ക്ക് യാത്രക്കാരുമായി വരികയായിരുന്ന എസ് 52 എന്ന ബോട്ടാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. കായലിൽ വള്ളത്തിലും മരക്കുറ്റിയിലും പിടിച്ചു കിടന്ന മത്സ്യത്തൊഴിലാളികളെ ജീവനക്കാർ ബോട്ടിൽ കയറ്റി കരയ്ക്കെത്തിച്ചു.

ബോട്ട് ജീവനക്കാരായ സി.എൻ ഓമനക്കുട്ടൻ, ബി.റൂബി, എസ്.സിന്ധു, പി.എസ് റോയി, സുരേഷ് പൊന്നപ്പൻ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബുധനാഴ്ച്യും ശക്തമായ കാറ്റിൽ അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ ബോട്ട് ജീവനക്കാർ രക്ഷിച്ചിരുന്നു.