കായംകുളം: കൊവിഡ് 19 വ്യാപനം രൂക്ഷമായതിനെ തുടർന്ന് അടിയന്തര സാഹചര്യം നേരിടാൻ കായംകുളം നഗരസഭാ ടൗൺ ഹാളിൽ ഇന്ന് രാവിലെ 11ന് ഉന്നതതല യോഗം ചേരും. നഗരസഭാ പരിധിയിൽ ഇന്നലെ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
രോഗബാധിതരുടെ എണ്ണം വർദ്ധിക്കുകയും രോഗബാധിതനായ ഒരാൾ മരണമടയുകയും ചെയ്തതോടെയാണ് യോഗം വിളിച്ചത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.രോഗബാധിതരുടെ സാമ്പിൾ പരിശോധനാഫലം വരാൻ കലതാമസം നേരിടുന്നുണ്ട്. നിലവിൽ 350 ൽ അധികം ആളുകളുടെ പരിശോധനാ ഫലമാണ് ഇനി വരാനുള്ളത്. സസ്യമാർക്കറ്റിലും, മത്സ്യമാർക്കറ്റിലും രോഗബാധിതരുടെ എണ്ണം വർദ്ധിച്ചപ്പോൾ അവിടെയുള്ളവർക്ക് കൂടുതൽ പരിഗണന കൊടുത്തത്, മറ്റുള്ളവരുടെ റിസൾട്ട് താമസിക്കാൻ ഇടയായി. അതോടൊപ്പം ക്വാറന്റൈനിൽ കഴിയുന്നവരുടെ സാമ്പിൾ ശേഖരണവും, പരിശോധനയും വൈകുകയും ചെയ്യുന്നു.

ക്വാറന്റൈനിൽ കഴിയുന്നവരുടെ ചെലവ് നഗരസഭയാണ് വഹിക്കുന്നത്. സാമ്പിൾ നൽകിയതിന് ശേഷം ആളുകൾ പുറത്തിറങ്ങി പലരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നത് രോഗവ്യാപനത്തിന് കാരണമാകുന്നു. രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോൾ രോഗബാധിതരുടെ റൂട്ട് മാപ്പ് തയ്യാറാക്കാൻ ആരോഗ്യവകുപ്പിന് കഴിയാത്തത് ചൂണ്ടിക്കാട്ടി ചെയർമാൻ കഴിഞ്ഞ ദിവസം അധികാരികൾക്ക് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് സാമ്പിൾ ശേഖരിക്കാൻ ഒരു കേന്ദ്രം കൂടി അനുവദിച്ചു. രണ്ടാമത്തെ സാമ്പിൾ ശേഖരണ കേന്ദ്രം ഔദ്യോഗികമായി ഇന്ന് തുറന്നുകൊടുക്കുമെന്ന് നഗരസഭാ ചെയർമാൻ എൻ. ശിവദാസൻ പറഞ്ഞു.