അമ്പലപ്പുഴ: കരിമണൽ ഖനനത്തിനെതിരെ തോട്ടപ്പള്ളിയിൽ സമരം നടത്തുന്ന ജനകീയ സമരസമിതി പ്രവർത്തകരും പൊലീസുമായുണ്ടായ തർക്കത്തെ തുടർന്ന് സംഘർഷാവസ്ഥ. വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം.നിലവിൽ നടക്കുന്ന റിലേ സത്യാഗ്രഹം ഉടൻ അവസാനിപ്പിക്കണമെന്നു കാട്ടി അമ്പലപ്പുഴ പൊലീസ് ജനകീയ സമര സമിതി ചെയർപേഴ്സൺ കൂടിയായ പുറക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് നോട്ടീസ് നൽകിയിരുന്നു.പുറക്കാട് ഗ്രാമ പഞ്ചായത്തിൽ കൊവിഡ് പടർന്നാൽ അതിന്റെ ഉത്തരവാദിത്വം പഞ്ചായത്ത് പ്രസിഡന്റിനായിരിക്കുമെന്നു പറഞ്ഞാണ് പൊലീസ് നോട്ടീസ് നൽകിയത്. എന്നാൽ തോട്ടപ്പള്ളിയിൽ കോവിഡ് പടരാൻ അവസരമൊരുക്കുന്നത് പൊലീസും ,മറ്റ് ഉദ്യോഗസ്ഥരും ടിപ്പർ ലോറി ജീവനക്കാരുമാണെന്ന് ജനകീയ സമര സമിതി ആരോപിച്ചു.കോവിഡ് സമൂഹ വ്യാപനം കണക്കിലെടുത്ത് മണലെടുപ്പ് നിർത്തിവെക്കാൻ നടപടി സ്വീകരിക്കണമെന്നും പൊലീസുൾപ്പെടെയുള്ളവർ പിൻമാറിയാൽ സമരം അവസാനിപ്പിക്കാൻ തങ്ങൾ തയ്യാറാകാമെന്നും സമരസമിതി അറിയിച്ചെങ്കിലും ഇതംഗീകരിക്കാൻ പൊലീസ് തയ്യാറായില്ല.ഒരു മണിക്കൂറോളം നീണ്ട സംഘർഷാവസ്ഥക്കൊടുവിൽ പ്രവർത്തകർ പിരിഞ്ഞു പോയി.