a

ഭീഷണി​യായി​ പെട്ടി​ ഓട്ടോയി​ലെ കച്ചവടം

മാവേലിക്കര: മത്സ്യ, പച്ചക്കറി വ്യാപാരികൾ കോവിഡി​ന്റെ പിടിയിലാകുകയും ഇവരിലൂടെ വ്യാപനം ഉണ്ടാകുകയും ചെയ്തിട്ടും പെട്ടി​ ഓട്ടോയി​ലും മറ്റുമായി​ നടത്തുന്ന മത്സ്യ, പച്ചക്കറി​ വ്യാപാരം തുടരുന്നുവെന്ന് ആക്ഷേപം.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കച്ചവടം പൊടി​പൊടി​ക്കുന്നത്. പെട്ടി ഓട്ടോയിൽ കച്ചവടത്തിനെത്തുന്നവർ കൃത്യമായി മാസ്ക് പോലും ധരിക്കാതെയാണ് മറ്റുള്ളവരുമായി ഇടപെടുന്നതത്രെ. പച്ചക്കറിയും മത്സ്യവും വാങ്ങാൻ ഇറങ്ങുന്ന വീട്ടമ്മമാർ തന്നെ ധൃതിയിൽ മാസ്ക് ധരിക്കാൻ മറന്നുപോകുന്നത് അപകടം വിളിച്ചുവരുത്തുന്നു. കായംകുളത്ത് പച്ചക്കറി വ്യാപാരി കോവിഡ് ബാധിച്ച് മരിച്ചത് ആശങ്കയോടെ കാണുന്ന പൊതുസമൂഹം വീട്ടുമുറ്റത്തെത്തുന്ന അപകടം തിരിച്ചറിയുന്നില്ല. മാന്നാറിൽ ആത്മഹത്യ ചെയ്ത യുവ ദമ്പതികളിൽ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇവർ വീടിന് പുറത്തിറങ്ങുന്ന സ്വഭാവക്കാരി ആയിരുന്നില്ലെന്നും പച്ചക്കറി, മത്സ്യം എന്നിവ വാങ്ങാൻ മാത്രമാണ് പുറത്ത് കണ്ടിട്ടുള്ളതെന്നും സമീപവാസികൾ പറയുന്നു. ഇവർക്ക് കോവിഡ് രോഗബാധ ഉണ്ടായത് ഇത്തരത്തിലുള്ള സമ്പർക്കം മൂലമാണെന്ന ആശങ്കയിലാണ് നാട്ടുകാർ.

പെട്ടി​ ഓട്ടോയി​ലെ വ്യാപാരം തടഞ്ഞു

കണ്ടെയ്ൻമെന്റ് സോണായ തൃക്കുന്നപ്പുഴ ഭാഗത്ത് നിന്ന് മാവേലിക്കരയിൽ പച്ചക്കറി കച്ചവടം നടത്താനെത്തിയ പെട്ടി ഓട്ടോക്കാരെ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ മാവേലിക്കരയിൽ ഇന്നലെ തടഞ്ഞു. ഇനി​ വരരുതെന്ന് താക്കീത് നൽകി മടക്കി അയക്കുകയും ചെയ്തു. പെട്ടി ഓട്ടോയിൽ കച്ചവടത്തിന് എത്തിയ മൂന്ന് പേരും കൃത്യമായി മാസ്ക് ധരിച്ചിരുന്നില്ല. അധികൃതരുടെ നിസംഗതയാണ് നാട്ടുകാരുടെ ഇടപെടലിന് വഴിയൊരുക്കിയത്. നഗരസഭ പരിധിയിലുള്ള പുന്നംമൂട് മാർക്കറ്റിൽ വ്യാപന സാദ്ധ്യത കൂടുതലാണെന്ന് കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിൽ വിലയിരുത്തിയിരുന്നു. സമീപ പഞ്ചായത്തായ തെക്കേക്കരയെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുകയും കുറത്തികാട്, കല്ലുമല മാർക്കറ്റുകൾ അടച്ചിടുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ആളുകൾ കൂട്ടത്തോടെ ഇവിടേക്ക് എത്തുന്നതും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പോലും നേരിട്ട് സാധനങ്ങൾ എത്തിക്കുന്നതുമാണ് വ്യാപന സാദ്ധ്യതയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. ഇവിടേക്ക് എത്തുന്ന അന്യസംസ്ഥാന വാഹനങ്ങൾക്ക് പിഴ ഈടാക്കണമെന്ന നിർദ്ദേശം ഉണ്ടായെങ്കിലും അധികൃതർ ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

മാവേലിക്കരയിലും സമീപ പ്രദേശങ്ങളിലും മത്സ്യ, പച്ചക്കറി വ്യാപാരികൾ കോവിഡി​ന്റെ പിടിയിലാകുകയും ഇവരിലൂടെ വ്യാപനം ഉണ്ടാകുകയും ചെയ്തിട്ടും പെട്ടി ഓട്ടോയിൽ അടക്കം മത്സ്യവും പച്ചക്കറിയും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ കച്ചവടം നടത്തുന്നത് അധികാരികൾ പോലും കണ്ടില്ലെന്ന് നടിക്കുകയാണ്.

പച്ചക്കറി​ അന്യ സംസ്ഥാനത്ത് നി​ന്ന്

കായംകുളത്തെ മാർക്കറ്റ് അടച്ചതോടെ ഇവിടുത്തെ മൊത്തവ്യാപാര സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ എടുത്തിരുന്നവർക്കും പെട്ടി ഓട്ടോയിൽ വ്യാപാരം നടത്തുന്നവർക്കും അന്യസംസ്ഥാനങ്ങളിൽ നിന്ന് പോലും നേരിട്ടാണ് പച്ചക്കറികൾ എത്തിക്കുന്നത്. അന്യ സംസ്ഥാനത്ത് നിന്ന് വരുന്ന ചരക്ക് വാഹനങ്ങളും അതിലെ ജീവനക്കാരും നഗര പ്രദേശത്തെത്തുന്നത് വലിയ സുരക്ഷാ ഭീഷണി ഉയർത്തുന്നു. ഇവരുമായി സഹകരിക്കുന്ന ചെറുകിട വ്യാപാരികളും പെട്ടി ഓട്ടോ കച്ചവടക്കാരും രോഗ വ്യാപനത്തിന് ആക്കം കൂട്ടുന്നു.

...............................

പച്ചക്കറി​യും മത്സ്യവും വി​ൽക്കുന്നവരി​ൽ നി​ന്നാണ് മാന്നാറി​ലെ യുവതി​ക്ക് കൊവി​ഡ് വന്നതെന്ന് സംശയമുണ്ട്. ഇവർക്ക് സമ്പർക്കം മൂലം കൊവി​ഡ് വന്നുവെന്നാണ് കരുതുന്നത്. ഇത് വലി​യ ഭയമാണ് ഉണ്ടാക്കുന്നത്. ഇത്തരം വി​ൽപന വലി​യ അപകടമാണ് ഉണ്ടാക്കുന്നത്.

നാട്ടുകാർ

..................................