രണ്ട് ഡോക്ടർമാരും ക്വാറന്റൈനിൽ
ചാരുംമൂട്: നൂറനാട് ഐ.ടി.ബി.പി ക്യാമ്പിൽ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ ചാരുംമൂട്, നൂറനാട് മേഖലകളിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ ആർ.രാജേഷ് എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന മേഖല അവലോകന യോഗത്തിൽ തീരുമാനം. ക്യാമ്പിനോട് ചേർന്നുള്ള ലെപ്രസി സാനിട്ടോറിയം ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാക്കുകയും ഒ.പി വിഭാഗത്തിന്റെ പ്രവർത്തനം നിറുത്തിവയ്ക്കുകയും ചെയ്തു. ഒ.പി വിഭാഗത്തിലെ രണ്ട് ഡോക്ടർമാരടക്കം ഏഴ് പേരെ ക്വാറന്റൈനിലാക്കി. ക്യാമ്പിലുള്ളവർ പുറത്തു പോകരുതെന്നും നിർദ്ദേശമുണ്ട്. വ്യാപാര സ്ഥാപനങ്ങളിലടക്കം അണുനശീകരണം നടത്തും.
ക്യാമ്പിൽ ക്വാറന്റൈനിൽ കഴിയുന്നവരെ കൂടാതെ പരിസരങ്ങളിൽ വീടെടുത്ത് താമസിക്കുന്ന ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും വീടുകളിൽ ക്വാറന്റൈനിലാക്കിയിരിക്കുകയാണ്. ഇവരുടെ സമ്പർക്കപ്പട്ടിക ശേഖരിക്കാൻ തുടങ്ങി.
ആകെയുള്ള 364 ഉദ്യോഗസ്ഥരിൽ 68 പേരാണ് ക്യാമ്പിൽ ക്വാറന്റൈനിലുളളത്. ഉദ്യോഗസ്ഥരെ ചികിത്സിച്ച മെഡിക്കൽ ഓഫീസറും ഇപ്പോൾ ക്വാറന്റൈനിലാണ്. ക്യാമ്പിന് പുറത്ത് താമരക്കുളം 6,7 വാർഡുകളിലും നൂറനാട് തത്തംമുന്ന 9-ാം വാർഡിലും, പാലമേൽ മുതുകാട്ടുകര ഒന്നാം വാർഡിലുമായി വീടെടുത്ത് താമസിക്കുന്ന 60 ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ക്വാറന്റൈനിലുണ്ട്. ഈ വാർഡുകളെല്ലാം കണ്ടെയ്ൻമെന്റ് സോണുകൾ കൂടിയാണ്. ഇപ്പോൾ ക്യാമ്പിലേക്കെത്തിയിട്ടുള്ള 86 പേരെ സമീപത്തെ സ്കൂളിൽ ക്വാറന്റൈൻ ഒരുക്കി താമസിപ്പിച്ചിരിക്കുകയാണ്.
ഇനി വരുന്ന ഉദ്യോഗസ്ഥരെ താമസിപ്പിക്കാനുള്ള സ്ഥലം ഉടൻ കണ്ടെത്തും. ഉദ്യോഗസ്ഥരിൽ
92 പേരുടെ സ്രവ സാമ്പിളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. ഇതിൽ 16 പേർക്ക് രോഗം സ്ഥിരീകരിച്ചു. 64 പേരുടെ റിസൽട്ട് കൂടി വരാനുണ്ട്. ക്യാമ്പിലുള്ള 126 പേരുടെ സാമ്പിൾ ശേഖരിക്കാനാണ് ആരോഗ്യ വകുപ്പിന്റെ ആദ്യഘട്ട നടപടി.
ഭക്ഷണകാര്യങ്ങൾ
ക്യാമ്പിൽ കഴിയുന്നവരുടെ ഭക്ഷണം ക്രമീകരിക്കാൻ താമരക്കുളം വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തി.
വീടുകളിലുള്ളവരുടെ ഭക്ഷണകാര്യങ്ങൾക്ക് വാർഡ്തല ജാഗ്രതാ സമിതികൾക്കാണ് ചുമതല നൽകിയിരിക്കുന്നത്.
ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യമുണ്ടായെന്ന് പറയപ്പെടുന്ന ചില വ്യാപാര സ്ഥാപനങ്ങളിലടക്കം അണുനശീകരണം നടത്തും. മേഖലയിൽ സ്രവ സാമ്പിൾ ശേഖരിക്കുന്നത് വേഗത്തിലാക്കാൻ പൊതുവിൽ ഒരു കേന്ദ്രം ക്രമീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ചെങ്ങന്നൂർ ആർ.ഡി.ഒ ജി.ഉഷാകുമാരി, മാവേലിക്കര ലാൻഡ് റവന്യു വിഭാഗം തഹസീൽദാർ സി.ടി. മാത്യു, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ വി.ഗീത, പി. അശോകൻ നായർ, ഓമന വിജയൻ, ലെപ്രസി സാനിട്ടോറിയം സൂപ്രണ്ട് ഡോ.പി.വി. വിദ്യ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.