എടത്വാ: ശരീര പേശികൾ ക്ഷയിക്കുന്ന രോഗത്തിന് അടിപ്പെട്ട് രണ്ട് പതിറ്റാണ്ടിലേറെയായി കിടപ്പിലായ തയ്യൽ തൊഴിലാളി ഷിംജി (46) യാത്രയായി.
തലവടി ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് ആനപ്രമ്പാൽ തെക്ക് പാലപ്പറമ്പിൽ കക്കാടംപള്ളി പരേതനായ പി.കെ. രാജപ്പന്റെയും സരസമ്മയുടേയും മകനാണ് ഷിംജി. ബുധനാഴ്ച വൈകിട്ട് ശ്വാസ തടസം ഉണ്ടായതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യനില മോശമായതോടെ കോട്ടയം മെഡി. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
തയ്യൽ തൊഴിലാളിയായ ഷിംജിയെ 21 വർഷം മുമ്പാണ് പേശികൾ ക്ഷയിക്കുന്ന രോഗം പിടികൂടിയത്. ഷിംജിയുടെ ചികിത്സയ്ക്കിടയിൽ സഹോദരി ഷൈലജയ്ക്കും (43) രോഗലക്ഷണം കണ്ടുതുടങ്ങി. കാൺപൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യവേയാണ് ഷൈലജയേയും രോഗം പിടികൂടിയത്. 14 വർഷമായി ഷൈലജയും കിടപ്പിണ്. പിതാവായ പി.കെ. രാജപ്പനാണ് ഇരുവർക്കും തുണയായിരുന്നത്. കഴിഞ്ഞ ജനുവരിയിൽ ഹൃദയാഘാതത്തെ തുടർന്ന് രാജപ്പൻ മരിച്ചു. തുടർന്ന് ജീവകാരുണ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ഷിംജി ചികിത്സ സഹായ നിധി രൂപീകരിച്ചാണ് ചികിത്സ നടത്തിയിരുന്നത്. ഇന്നലെ വൈകിട്ട് നാലിന് ഷിംജിയുടെ സംസ്‌കാരം നടന്നു. സഹോദരൻ: പരേതനായ ഷാജി.