മാവേലിക്കര: ചെട്ടികുളങ്ങര പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ ചെട്ടികുളങ്ങര നോർത്ത്, സൗത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റികൾ ധർണ നടത്തി. അംഗൻവാടി നിയമത്തിലെ ഭരണസമിതിയുടെ അഴിമതി അന്വേഷിക്കുക, വാട്ടർ അതോറിറ്റിയുടെ വാട്ടർ ടാങ്കിന് സമീപത്ത് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന മാലിന്യ സംസ്‌ക്കരണ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം . കായംകുളം നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ അഡ്വ.പി.എസ്.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചെട്ടികുളങ്ങര സൗത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് പി.സോമശേഖരൻ അദ്ധ്യക്ഷനായി. ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് അനീഷ് കരിപ്പുഴ സ്വാഗതം പറഞ്ഞു .ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അലക്സ്‌ മാത്യു, രാജൻ ചെങ്കള്ളിൽ തുടങ്ങിയവർ സംസാരിച്ചു.