പൂച്ചാക്കൽ: ആവശ്യത്തിന് ജീവനക്കാരില്ലാത്തതുമൂലം പൂച്ചാക്കൽ തേവർവട്ടം ഫിഷറീസ് ഓഫീസിന്റെ പ്രവർത്തനം താളം തെറ്റുന്നു. ഇതേത്തുടർന്ന് മുഹമ്മ മുതൽ അരൂക്കുറ്റി വരെ പരിധിയിൽപ്പെട്ട മത്സ്യതൊഴിലാളികൾക്ക് സർക്കാർ നടപ്പിലാക്കുന്ന ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും ലഭ്യമാകുന്നതിൽ കാലതാമസം ഉണ്ടാകുന്നു. മത്സ്യ പ്രജനനത്തിന് പ്രതിബന്ധമാകുന്ന അനധികൃത മത്സ്യബന്ധനങ്ങളും ഫിഷറീസ് വകുപ്പ് നിരോധിച്ച പപ്പും പടലും ഉപയോഗവും തകൃതിയായി നടക്കുന്നു. പത്തിലധികം ജീവനക്കാർ ഉണ്ടാകേണ്ട പൂച്ചാക്കൽ ഫിഷറീസ് ഓഫീസിൽ ഇൻസ്പെക്ടർ അടക്കം അകെ മൂന്ന് ഉദ്യോഗസ്ഥരാണ് ഉള്ളത്. അനധികൃത മത്സ്യബന്ധനത്തിനെതിരെ പരാതി കൊടുത്താൽ തന്നെ ആവശ്യത്തിനു്
ജീവനക്കാരില്ലാത്തതുകൊണ്ടും പട്രോളിംഗ് ബോട്ടില്ലാത്തതുകൊണ്ടും നടപടിയൊന്നും ഉണ്ടാകുന്നില്ല. ഫിഷറീസ് ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിയ്ക്കുക, അനധികൃത മത്സ്യബന്ധനം നിയന്ത്രിക്കുക, കായലിൽ രാത്രികാല പട്രോളിംഗ് പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന് നിവേദനം നൽകാനും പ്രക്ഷോഭ സമരപരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചതായി മത്സ്യ പ്രവർത്തക സംഘം ജില്ലാ വൈസ് പ്രസിഡന്റ് ആർ.എസ്.ദേവദാസ്, അസിസ്റ്റൻറ് സെക്രട്ടറി പി.പി. ഉദയൻ എന്നിവർ അറിയിച്ചു.