 ഗർഭിണിയുടെ 6 ബന്ധുക്കൾക്ക് കൊവിഡും


ചേർത്തല:ചേർത്തലയുടെ വടക്ക് പടിഞ്ഞാറൻ മേഖലയിൽ കൊവിഡ് ആശങ്ക ഏറുന്നു.പട്ടണക്കാട്,തുറവൂർ,കുത്തിയതോട് പഞ്ചായത്തുകൾ ഉൾപ്പെടുന്ന തീരത്താണ് ആശങ്ക.ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോൾ രോഗം സ്ഥിരീകരിച്ച ഗർഭിണിയുടെ ആറു ബന്ധുക്കൾക്ക് (രണ്ടു കുട്ടികൾ ഉൾപ്പെടെ) രോഗം സ്ഥിരീകരിച്ചു.

നിലവിൽ കണ്ടെൻമെന്റ് സോണായ പട്ടണക്കാട് 16-ാം വാർഡിനു പുറമേ 14,15 വാർഡുകളിലും ഇതോടെ നിരീക്ഷണവും ജാഗ്രതയും വർദ്ധിപ്പിച്ചു.ചെല്ലാനം മത്സ്യമാർക്ക​റ്റിൽ നിന്നു മത്സ്യം എടുത്ത് വിപണനം നടത്തിയ പട്ടണക്കാട് പഞ്ചായത്ത് 15-ാം വർഡ് സ്വദേശിക്ക് കൊവിഡ് സ്ഥിരികരിച്ചതോടെ ഇയാൾ മത്സ്യം വി​റ്റ ദേശീയ പാതയോരത്ത് ഉൾപ്പെടെ വയലാർ പഞ്ചായത്ത് മേഖലകളിലും കനത്ത ജാഗ്രത പ്രഖ്യാപിച്ചു.100ൽ അധികം പേർക്ക് ഇയാളുമായി പ്രത്യക്ഷ സമ്പർക്കമുണ്ടായതായാണ് വിലയിരുത്തൽ.

പ്രദേശവാസികൾക്ക് ജാഗ്രത നിർദ്ദേശം നൽകുന്നതിന്റെ ഭാഗമായി പൊലീസും ആരോഗ്യ വകുപ്പും പ്രത്യേക അനൗൺസ് മെന്റും നടത്തി.വയലാറിൽ സമ്പർക്കം അറിയിച്ച് 50 പേരാണ് എത്തിയത്.ഇതിൽ 28 പേരെ നിരീക്ഷണത്തിലാക്കി.പ്രാഥമിക സമ്പർക്കമുണ്ടെന്ന് വിലയിരുത്തിയ ആറു പേരെ പ്രത്യേക നിരീക്ഷണത്തിലുമാക്കി.ഇവരുടെ സ്രവം അടിയന്തിരമായി പരിശോധനയ്ക്കയക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.