ആലപ്പുഴ: എസ്.എൻ.ഡി.പി യോഗത്തിനും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എതിരെ അടിസ്ഥാനമില്ലാത്ത ദുഷ്പ്രചാരണങ്ങളും വ്യക്തിഹത്യയും നടക്കുന്ന സാഹചര്യത്തിൽ, വെള്ളാപ്പള്ളിക്ക് പൂർണ്ണ പിന്തുണ നൽകുന്നതായി യോഗം അമ്പലപ്പുഴ യൂണിയൻ പ്രഖ്യാപിച്ചു.
സാമൂഹ്യ നീതിക്കും സമുദായത്തിനും കരുത്ത് പകരേണ്ട സമയമാണിത്. വർഷങ്ങളായി ഒളിഞ്ഞും തെളിഞ്ഞും യോഗത്തെയും യോഗം ജനറൽ സെക്രട്ടറിയേയും ആക്രമിക്കുന്ന പ്രവർത്തനത്തിനു പിന്നിലുള്ളത് നിരാശരായ കുറേ സ്ഥാനമോഹികളാണ്. ഇക്കൂട്ടർക്ക്, സമുദായാംഗങ്ങളുടെയോ പൊതുജനങ്ങളുടെയോ പിന്തുണയില്ല. ഏത് പ്രതിസന്ധിയും അതിജീവിക്കാനും കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാനും യോഗനേതൃത്വത്തിനു കഴിയും. ദാരിദ്ര്യനിർമ്മാർജ്ജനത്തിന് വേണ്ടി ആവിഷ്‌കരിച്ച മൈക്രോഫിനാൻസ് പദ്ധതിയിലൂടെ സമുദായാംഗങ്ങൾക്ക് വലിയ നേട്ടമുണ്ടായിട്ടുണ്ട്. ഒറ്റപ്പെട്ട ചില വ്യക്തികളുടെയും യൂണിയനുകളുടെയും ക്രമക്കേടുകൾ ഊതി വീർപ്പിച്ച് യോഗം ജനറൽ സെക്രട്ടറിയെ ബലിയാടാക്കാനുള്ള ശ്രമങ്ങൾ വിജയിക്കില്ല. ഇത്തരം പ്രവണതകളെ തിരിച്ചറിഞ്ഞ് എതിർത്ത് തോല്പിക്കേണ്ടതാണെന്ന് കൗൺസിൽ വിലയിരുത്തി. യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു.