s

ആലപ്പുഴ: കൊവിഡ് പ്രതിരോധ മരുന്നുകളുടെ വിതരണം ജില്ലയാകെ വ്യാപിപ്പിക്കാനൊരുങ്ങി ഹോമിയോ വകുപ്പ്. 20 ലക്ഷത്തിലധികം പേരുള്ള ജില്ലയിൽ 50.8 ശതമാനം ആളുകളിലേക്ക് ഇമ്മ്യൂണോ ബൂസ്റ്റർ മരുന്നുകൾ എത്തിക്കാൻ സാധിച്ചു.

സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ വഴിയാണ് മരുന്നുകളുടെ വിതരണം. എന്നാൽ പല തദ്ദേശ സ്ഥാപനങ്ങളും ഹോമിയോ മരുന്നുകളോട് മുഖം തിരിച്ച് നിൽക്കുന്നതായി അധികൃതർ പറയുന്നു. ഇതുവരെ 45 പഞ്ചായത്തുകളും ചേർത്തല നഗരസഭയും മാത്രമാണ് ഗുളികകൾ വാങ്ങി വിതരണം ചെയ്തത്. ആശാപ്രവർത്തകരുടെ സഹായത്തോടെയാണ് വിതരണം. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ ഇമ്മ്യൂണോ ബൂസ്റ്റർ മരുന്ന് കഴിക്കാൻ എല്ലാവരും തയാറാകണമെന്ന് ഹോമിയോ ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. കൊവിഡ് പോസിറ്റീവ് ആയ രോഗികൾ കൃത്യമായി മരുന്നുകൾ കഴിച്ചതോടെ ഒരാഴ്ചയ്ക്കുള്ളിൽ ഫലം നെഗറ്റീവാകുന്നതായി ഹോമിയോ വിഭാഗം ഡി.എം.ഒ സൂസൻ ജോൺ പറഞ്ഞു. ആലപ്പുഴ നഗരസഭയടക്കം പല തദ്ദേശ സ്ഥാപനങ്ങളോടും മരുന്നു വാങ്ങി വിതരണം ചെയ്യാൻ അഭ്യർത്ഥിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല. ജില്ലയിലെ മൂന്ന് ഹോമിയോ ആശുപതികൾ വഴിയും 80 ഡിസ്പെൻസറികൾ വഴിയും മരുന്ന് ലഭിക്കും. വകുപ്പ് ഫണ്ടും ആയുഷ് ഫണ്ടും ഉപയോഗിച്ചായിരുന്നു ആദ്യ ഘട്ടത്തിൽ മരുന്നുകൾ വാങ്ങിയിരുന്നത്. നിലവിൽ തദ്ദേശ സ്ഥാപനങ്ങൾ പണം അടയ്ക്കുന്ന മുറയ്ക്ക് മരുന്ന് എത്തിച്ചു നൽകുകയാണ്. മരുന്ന് ഉത്പാദന കേന്ദ്രമായ ഹോംകോ ആലപ്പുഴയിൽ തന്നെയായതിനാൽ മരുന്നുകൾക്ക് യാതൊരു ക്ഷാമവും വരില്ല.

....................

ചില തദ്ദേശ സ്ഥാപനങ്ങളെങ്കിലും ഹോമിയോയോട് മുഖം തിരിച്ച് നിൽക്കുന്ന സമീപനമുണ്ട്. ഹോമിയോ പ്രതിരോധ മരുന്ന് കൃത്യമായി കഴിച്ച ആർക്കും കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ ജനങ്ങളിലേക്ക് മരുന്ന് എത്തിക്കാനാണ് ശ്രമിക്കുന്നത്.

- സൂസൻ ജോൺ, ഡി എം ഒ (ഹോമിയോ വിഭാഗം)

മരുന്നും ഉപയോഗവും

10 ഗുളികകൾ അടങ്ങുന്നതാണ് ഒരു സ്ട്രിപ്

 ഒരു സ്ട്രിപ്പിന് 3.50 രൂപ

ഒരു ഗുളിക വീതം 2 നേരം 3 ദിവസം കഴിക്കണം.

ഒരു മാസം തികയുമ്പോൾ മൂന്ന് ദിവസം ആവർത്തിക്കണം.

കുട്ടികൾക്ക് മരുന്ന് ഒരു നേരം നൽകിയാൽ മതിയാകും

..................