ഹരിപ്പാട്: ലോക്ക് ഡൗൺ മൂലം തൊഴിലും വരുമാനവും നിലച്ചു വാടകവീട്ടിൽ നിന്നും പുറത്താക്കപ്പെടുന്ന നിലയിലെത്തിയ അച്ഛനും അമ്മയും രണ്ടു പെൺമക്കളും അടങ്ങുന്ന കുടുംബത്തിന്റെ രക്ഷക്ക് മറുനാടൻ മലയാളിയെത്തി. നൈജീരിയയിൽ സ്ഥിരതാമസമാക്കിയ കുമാരപുരം സ്വദേശിയായ ചിത്തരഞ്ജൻ തമ്പാനാണ് ഒരുവർഷത്തേക്കുള്ള കെട്ടിടവാടകയും സെക്യൂരിറ്റി ഡെപ്പോസിറ്റും അടിയന്തരമായി നൽകി വീട് ഒഴിയേണ്ട അവസ്ഥ ഒഴിവാക്കിയത്. കുട്ടികളിൽ ഒരാൾ ആയാപറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ്. കുടുംബത്തിന്റെ ദുരവസ്ഥ വിവരിച്ചുകൊണ്ടുള്ള അദ്ധ്യാപകരുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ചിത്തരഞ്ജൻ നാട്ടിലുള്ള ബന്ധുക്കൾ വഴി സഹായം എത്തിക്കുകയായിരുന്നു. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത കൂലിവേലക്കാരായ കുടുംബത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. സ്വന്തം ഉടമസ്ഥതയിലുള്ള കരുവാറ്റ ഷൈല ആഡിറ്റോറിയം വിവാഹത്തിനും മറ്റാവശ്യങ്ങൾക്കുമായി സൗജന്യ നിരക്കിൽ നിരാലംബ കുടുംബങ്ങൾക്ക് നൽകുന്നതുൾപ്പടെ നിരവധി പ്രവർത്തനങ്ങൾ ചിത്തരഞ്ജൻ തമ്പാന്റെ നേതൃത്വത്തിൽ നടക്കുന്നു. സഹായകസമിതിയുടെ പ്രതിനിധികളായ ഉല്ലാസ്.വി, ഓമനക്കുട്ടൻ, മനു മനോഹരൻ, സ്ക്കൂൾ പ്രിൻസിപ്പൽ ഈശ്വരൻ നമ്പൂതിരി, പി.ടി.എ പ്രസിഡന്റ് ഡോ.രഘുകുമാർ, വാർഡ് മെമ്പർ സീമ തുടങ്ങിയവർ പങ്കെടുത്തു.