ആലപ്പുഴ: സ്വർണക്കടത്ത് കേസിൽ മന്ത്രി തോമസ് ഐസക്കിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ റോഡ് ഉപരോധത്തിൽ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം. സംഭവത്തിൽ 15 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തിന്റെ ഭാഗമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് സംഘർഷം ഉണ്ടായത്. റോഡിൽ നിന്നും മാറാൻ കൂട്ടാക്കാതെ നിന്ന പ്രവർത്തകരെ ബലം പ്രയോഗിച്ചു മാറ്റുകയായിരുന്നു. തുടർന്ന് ഒരു മണിക്കൂറോളം ജില്ലാക്കോടതി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.
ചെത്തി ഹാർബർ നിർമാണത്തിലുള്ള സംസ്ഥാന സർക്കാരിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് മന്ത്രി തോമസ് ഐസക്കിന്റെ ഓഫീസിലേക്ക് നടത്തിയ മാർച്ചിന് ശേഷമാണ് പ്രവർത്തകർ റോഡുപരോധിച്ചത്. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ സമരം ഉദ്ഘാടനം ചെയ്തു.
ഇടതുഭരണത്തിൽ കേരളം അഴിമതിയുടെ ഹബ്ബായി മാറിയെന്നും സ്വർണക്കടത്ത് കേസിൽ ധനമന്ത്രിയുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് സരുൺ റോയ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ, ഡി.സി.സി വൈസ് പ്രസിഡന്റ് തോമസ് ജോസഫ്, അമ്പലപ്പുഴ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രാഹുൽ കൃഷ്ണൻ, എം.പി. മുരളി കൃഷ്ണൻ, അൻസിൽ ജലീൽ, എസ്.ഷഫീഖ്, അനന്തനാരായണൻ, സമീർ പുന്നക്കൽ, റമീസ് കാസിം, സുഹൈൽ വള്ളികുന്നം, ആന്റണി. പി.തോമസ് തുടങ്ങിവർ പ്രസംഗിച്ചു. അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.