കായംകുളത്തെ കൊവി​ഡ് നിയന്ത്രണം

കായംകുളം. നഗരസഭാ പരിധിയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുവാനും സാമ്പിൾ ശേഖരിച്ചവരുടെപരി​ശോധനാ ഫലം രണ്ടു ദിവസത്തിനകം ലഭ്യമാക്കുവാനും കായംകുളം നഗരസഭയിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ടൗൺഹാളിൽ ചേർന്ന അവലോകനയോഗത്തി​ൽ തീരുമാനം. കൊവിഡ് വ്യാപന സാധ്യത നിലനിൽക്കുന്ന സാഹചര്യത്തി​ലാണ് യോഗം നടത്തി​യത്.

നിലവിൽ പരിശോധിച്ചവരുടെ റിസൾട്ട് എത്രയും വേഗം ലഭ്യമാക്കി, അതിന്റെ അടിസ്ഥാനത്തിൽ കണ്ടെയിൻമെൻറ് സോണിൽ ഇളവ് വരുത്തണോയെന്ന് പരിശോധിക്കും. മത്സ്യമാർക്കറ്റ്, കമ്മി​ഷൻകട, മൊത്തവ്യാപാര പച്ചക്കറി കടകൾ എന്നിവ കണ്ടെയിൻമെന്റ് സോൺ തീരുന്നതുവരെ അടച്ചിടും. അതിനുശേഷം കൊവിഡ് പ്രോട്ടോക്കോൾ മാനദണ്ഡപ്രകാരം മാത്രമേ നിയന്ത്രണങ്ങൾക്ക് വിധേയമായി തുടർപ്രവർത്തനം അനുവദിക്കൂ.

നഗരസഭയിൽ നടക്കുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്ന് യോഗം വിലയിരുത്തി .എ. എം ആരിഫ് എം. പി, യു. പ്രതിഭ എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ എൻ. ശിവദാസൻ, ഡെപ്യൂട്ടി കളക്ടർ സാജിത ബീഗം, തഹസിൽദാർ ദിലീപ് കുമാർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മനോജ്, ഡി.വൈ.എസ്.പി അലക്‌സ് ബേബി, നഗരസഭാ സെക്രട്ടറി ജി. രാജേഷ്, ഹെൽത്ത് സൂപ്പർവൈസർ വി. കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.

യോഗ തീരുമാനങ്ങൾ

നിയന്ത്രണം നീട്ടിയാൽ പാവപ്പെട്ടവർക്ക് സൗജന്യഭക്ഷണവിതരണം

വാർഡ് ജാഗ്രതാ സമിതി ചേർന്ന് ക്വാറന്റൈനിൽ കഴിയുന്നവരെ സഹായിക്കണം

റിസൾട്ട് വന്നതിന് ശേഷം കണ്ടെയിൻമെന്റ് സോണുകളായ വാർഡുകളുടെ എണ്ണം കുറയും.

പരിശോധന വേഗത്തിലാക്കാൻ അരമണിക്കൂറിനകം റിസൾട്ട് അറിയുന്ന മെഷീൻ

മെഷീൻ ചേരാവള്ളി അർബൻ ആശുപത്രിയിൽ സ്ഥാപി​ക്കും