മത്സ്യബന്ധന നിരോധനം തിരിച്ചടി
ആലപ്പുഴ: ലോക്ക് ഡൗൺ, ട്രോളിംഗ് നിരോധനം എന്നിവയ്ക്ക് പിന്നാലെ, കൊവിഡിനെത്തുടർന്ന് ജില്ലയിൽ കഴിഞ്ഞ ദിവസം മുതൽ ഏർപ്പെടുത്തിയ മത്സ്യബന്ധന നിരോധനവും കൂടിയായതോടെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ദുരിതത്തിന്റെ നടുക്കയത്തിൽ. ഏറ്റവും കൂടുതൽ മത്സ്യം ലഭിക്കുന്ന ചാകര സീസണായിരുന്നു ഇപ്പോൾ. ബാക്കി പത്ത് മാസത്തെ വറുതിക്കു പരിഹാരം നൽകുന്ന രണ്ട് മാസങ്ങളാണ് ജൂലായും ആഗസ്റ്റും. ഈ കാലയളവിൽ വരുന്ന നിയന്ത്രണങ്ങളിൽ പകച്ചിരിക്കുകയാണ് പല കുടുംബങ്ങളും. രോഗഭീതി മൂലം നിബന്ധനകൾ തള്ളിക്കളയാനുമാകുന്നില്ല. ട്രോളിംഗ് നിരോധനമുണ്ടെങ്കിലും ചെറുവള്ളങ്ങൾക്കും വലിയ വള്ളങ്ങൾക്കും കടലിൽ പോകാൻ അനുമതിയുണ്ടായിരുന്നു. ഇത് മൂലം കാര്യമായ മത്സ്യക്ഷാമം അനുഭവപ്പെട്ടിരുന്നില്ല. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നിടത്തോളം നാളുകൾ ഇനി മത്സ്യലഭ്യത കുറയും. ഇതോടൊപ്പം ആറ്റുമീനിന്റെയും ചിക്കൻ, ബീഫ് തുടങ്ങിയവയുടെയും വില വർദ്ധനവിനും സാദ്ധ്യതയുണ്ട്. കൊവിഡ് ഭീതി മൂലം പേരിന് മാത്രമാണ് വള്ളങ്ങൾ കടലിൽ പോയിരുന്നത്. നൂറുകണക്കിന് വള്ളങ്ങളും വലയും, എൻജിനും, മറ്റ് മത്സ്യബന്ധന ഉപകരണങ്ങളും മഴയും വെയിലുമേറ്റ് നശിക്കുകയാണ്. ലക്ഷങ്ങൾ ചെലവഴിച്ചുമാത്രമേ, തൊഴിലാളികൾക്ക് ഇവ പ്രവർത്തനക്ഷമാക്കി ഇനി മത്സ്യബന്ധനത്തിന് പോകാൻ കഴിയൂ.
..........................
ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികൾ - 74,667
മത്സ്യബന്ധനം നടത്തുന്നവർ - 40,669
ഫോർമാൻ - 660
അനുബന്ധ തൊഴിലാളികൾ - 25,007
............
ജില്ലയിൽ മത്സ്യബന്ധനവും വിപണവും നിരോധിച്ച സാഹചര്യത്തിൽ മത്സ്യ തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും സൗജന്യ റേഷനും ഭക്ഷ്യധാന്യകിറ്റും സാമ്പത്തിക സഹായവും നൽകണം.മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ കേന്ദ്ര,സംസ്ഥാന സർക്കാരുകൾക്ക് ബാദ്ധ്യതയുണ്ട്
- ടി.ജെ.ആഞ്ചലോസ്, സംസ്ഥാന പ്രസിഡന്റ്,
മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി)