ഐ.ടി.ബി.പിയിലെ 36 ഉദ്യോഗസ്ഥർക്ക് രോഗബാധ
ആലപ്പുഴ : നൂറനാട് ഐ.ടി.ബി.പിയിലെ 36 ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇന്നലെ 50 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ല കടുത്ത ആശങ്കയിൽ. ജില്ലയിൽ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 262ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും എട്ടുപേർ വിദേശത്തുനിന്നും എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ് 36 ഐ.ടിബിപി ഉദ്യോഗസ്ഥർ. നാലുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 50ൽ എത്തുന്നത് ജില്ലയിൽ ആദ്യമായാണ്. രോഗം സ്ഥിരീകരിച്ച എല്ലാവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കുവൈറ്റിൽ നിന്നും എത്തിയ ആലപ്പുഴ സ്വദേശി, മുംബയിൽനിന്നും എത്തിയ 65 വയസ്സുള്ള ആലപ്പുഴ സ്വദേശിനി, ബഹറിൽ നിന്നും വന്ന ബുധനൂർ സ്വദേശിനി, ഡൽഹിയിൽ നിന്നും എത്തിയ ചെട്ടികാട് സ്വദേശിനി, ദുബായിൽ നിന്നും എത്തിയ പാണ്ടനാട് സ്വദേശി. ഷാർജയിൽ നിന്നും എത്തിയ ബുധനൂർ സ്വദേശിയായ യുവാവ്,ദുബായിൽ നിന്ന് എത്തിയ ചെങ്ങന്നൂർ സ്വദേശികളായ ദമ്പതികൾ, കുവൈറ്റിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ ആല സ്വദേശി, ഖത്തറിൽ തിരുവനന്തപുരത്ത് എത്തിയ പാലമേൽ സ്വദേശി എന്നിവരാണ് രോഗബാധിതർ.
ആലപ്പുഴ മെഡിക്കൽ കോളേജിൽ മറ്റ് അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ച 73 വയസ്സുള്ള ഭരണിക്കാവ് സ്വദേശി, ജൂൺ മൂന്നിന് രോഗം സ്ഥിരീകരിച്ച പുലിയൂർ സ്വദേശിനിയുടെ അമ്മ., സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള കുറത്തികാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 60 വയസ്സുള്ള തട്ടാരമ്പലം സ്വദേശിയും 36 വയസ്സുള്ള ചുനക്കര സ്വദേശിനിയും ആണ് സമ്പർക്കത്തിലൂടെ ഇന്നലെ രോഗം ബാധിച്ചവർ.
നിരീക്ഷണത്തിൽ 6430 പേർ
ജില്ലയിൽ നിലവിൽ 6430 പേരാണ് നിരീക്ഷണത്തിലുള്ളത്. 272പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നു. ആലപ്പുഴ മെഡി. ആശുപത്രിയിൽ 198ഉം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ 21ഉം ആലപ്പുഴ ജനറൽ ആശുപത്രിയിൽ രണ്ടും കായംകുളം ഗവ. ആശുപത്രിയിൽ ഒന്നും കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ 50ഉം പേരാണ് നിരീക്ഷണത്തിലുള്ളത്.
ഐ.ടി.ബി.പി : മുഴുവൻ ഉദ്യോഗസ്ഥർക്കും പരിശോധന നടത്തും
നൂറനാട് ഐ.ടി.ബി.പി ബാരക്കിലെ രോഗവ്യാപനം തടയാൻ കൂടുതൽ നടപടികളുമായി ജില്ലാ ഭരണകൂടം. ബാരക്കിലെ മുഴുവൻ ഉദ്യോഗസ്ഥർക്കും വ്യക്തിഗത ക്വാറന്റൈൻ ഉറപ്പാക്കാൻ ജില്ലാ കളക്ടർ എ.അലക്‌സാണ്ടർ നിർദ്ദേശം നൽകി. രണ്ടു ദിവസത്തിനുള്ളിൽ മുഴുവൻ ഉദ്യോഗസ്ഥരുടെയും സ്രവം പരിശോധനക്കായി ശേഖരിക്കും. പരിശോധനാ ഫലം വരുന്നതനുസരിച്ച് പോസിറ്റായവരെ ആശുപത്രിയിലേക്കും നെഗറ്റീവ് ആയവരെ കോവിഡ് കെയർ സെൻററായി ഏറ്റെടുത്ത പാലമേൽ കുടശ്ശനാട് ഗവ.എച്ച്.എസ്.എസിലേക്കും മാറ്റും. ക്യാമ്പിന് പുറത്ത് വീടുകളിൽ കുടുംബമായി താമസിക്കുന്ന ഐ.ടി.ബി.പി ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും ക്വാറൻറൈനിലാക്കിയിട്ടുണ്ട്. ഈ വീടുകളെ ക്വാറന്റൈൻ സെന്ററായി പ്രഖ്യാപിച്ചു. ഐ.ടി.ബി.പി ക്യാമ്പിലേക്കും ഉദ്യോഗസ്ഥർക്കും ആവശ്യമായ സാധനങ്ങളുടെ പട്ടികയും പണവും നൽകിയാൽ എത്തിക്കുന്നതിന് വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തി.
കണ്ടെയ്‌മെന്റ് സോൺ
പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിലെ 5, 6, 14, 15 വാർഡുകൾ കണ്ടെയ്‌മെന്റ് സോൺ ആയി പ്രഖ്യാപിച്ചു.