ലോറി തടഞ്ഞതിനെച്ചൊല്ലി സംഘർഷം പഞ്ചായത്തംഗങ്ങൾ ഉൾപ്പെടെ 3 പേർക്ക് പരിക്ക്
അമ്പലപ്പുഴ : ചവറ കെ.എം.എം.എല്ലിൽ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തോട്ടപ്പള്ളിയിലെ മണലെടുപ്പ് നിറുത്തിവെച്ചു . സമരസമിതി നടത്തിവന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹവും താത്കാലികമായി അവസാനിപ്പിച്ചു. കെ.എം.എം.എല്ലിന്റെ നേതൃത്വത്തിലാണ് തോട്ടപ്പള്ളിയിൽ മണൽ നീക്കം നടത്തിയിരുന്നത്.
കൊവിഡിനെത്തുടർന്ന് കെ.എം.എം.എല്ലിലെ 107 ജീവനക്കാർ ക്വാറന്റൈനിൽ പോകാൻ നിർദ്ദേശം നൽകിയിരുന്നു. ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, തോട്ടപ്പള്ളിയിൽ തമ്പടിച്ചിട്ടുള്ള പൊലീസ് ,റവന്യൂ, ഇറിഗേഷൻ, കെ.എം.എം.എൽ ഉദ്യോഗസ്ഥർ ,ടിപ്പർ ലോറി ജീവനക്കാർ എന്നിവരെ ഇവിടെ നിന്ന് ഒഴിവാക്കണമെന്ന് സമരസമിതി ഭാരവാഹികളായ വി.ദിനകരൻ, അഡ്വ: എം.ലിജു, റഹ്മത്ത് ഹാമിദ്, എ.ആർ.കണ്ണൻ, എം.എച്ച്.വിജയൻ തുടങ്ങിയവർ ഇന്നലെ ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു.
ഇതിനിടയിൽ തോട്ടപ്പള്ളിയിൽ നാട്ടുകാർ മണൽ ലോറി തടഞ്ഞത് സംഘർഷത്തിനു കാരണമായി.ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.പി.നിജി, പി.ആരോമൽ, സമര സമിതി ഭാരവാഹിയായ ടി.എ.ഹാമിദ് എന്നിവർക്ക് ടിപ്പർ ലോറി ജീവനക്കാരിൽ നിന്ന് മർദനമേറ്റു. അമ്പലപ്പുഴ സി.ഐ. മനോജ് എത്തി സമരക്കാരുമായി ചർച്ച നടത്തിയതിനെത്തുടർന്നാണ് സംഘർഷാവസ്ഥ ഒഴിവായത്. ഉച്ചയോടെ തോട്ടപ്പള്ളിയിലെത്തിയ ജില്ലാ കളക്ടർ എ.അലക്സാണ്ടർ മണലെടുപ്പ് താൽക്കാലികമായി നിറുത്തിവെച്ചതായി സമരസമിതിയെ അറിയിച്ചു.തുടർന്ന് 42 ദിവസമായി തുടർന്നു വന്ന സമരം 2.30 ഓടെ അവസാനിപ്പിച്ചു.മണൽ കൊണ്ടു പോകാനായി ഏർപ്പെടുത്തിയിരുന്ന ടിപ്പർ ലോറികളും ഇവിടെ നിന്ന് നീക്കം ചെയ്തു.ഉറപ്പ് ലംഘിച്ച് മണലെടുപ്പ് പുനരാരംഭിച്ചാൽ സമരം ആരംഭിക്കുമെന്ന് സമര സമിതി ഭാരവാഹികൾ അറിയിച്ചു.