ആലപ്പുഴ: പെട്രോൾ, ഡീസൽ വില വർദ്ധനവ് പിൻവലിക്കുക, ഓട്ടോ, ടാക്സി നിരക്കുകൾ പുതുക്കി നിശ്ചയിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു സംയുക്ത മോട്ടോർ സമരസമിതിയുടെ ആഹ്വാനം അനുസരിച്ച് മോട്ടോർ തൊഴിലാളികൾ ഇന്നലെ രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ പണിമുടക്കി. സമരത്തിന്റെ ഭാഗമായി മണ്ഡലം തലത്തിൽ കേന്ദ്രസർക്കാർ ഓഫീസ്ുകൾക്ക് മുന്നിൽ ധർണ്ണ നടത്തി. ആലപ്പുഴ ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ നടന്ന ധർണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി. ഗാനകുമാർ ഉദ്ഘാടനം ചെയ്തു. ഡി.പി.മധു അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വ.വി.മോഹൻദാസ്,കെ.ജി.ജയലാൽ, എം.എം.ഷെരിഫ്, ടി.എ.നിസ്സാർ), ശിവൻ, പുന്നപ്ര സാബു,സലിം ബാബു എന്നിവർ സംസാരിച്ചു.