ചേർത്തല:പടനായകനെ പരാജയപ്പെടുത്തിയാൽ പടയെ തോൽപ്പിക്കാം എന്ന ചാണക്യതന്ത്റം ഇവിടെ വിലപ്പോകില്ലെന്ന് കാലം തെളിയിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ യൂത്ത് മൂവ്‌മെന്റ് ഭാരവാഹികൾ. കെ.കെ.മഹേശന്റെ മരണവുമായി ബന്ധപ്പെടുത്തി യോഗ നേതൃത്വത്തിനെതിരായി അരങ്ങേറുന്ന സമരാഭാസങ്ങൾ വെള്ളത്തിലെ വെറും കുമിള മാത്രമാണ്.വെള്ളാപ്പള്ളിക്കും എസ്.എൻ.ഡി.പി യോഗത്തിനും പൂർണ പിന്തുണ നൽകാനും യോഗം തീരുമാനിച്ചു. മഹേശന്റെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുന്നവർ മരണത്തിന് തൊട്ടു മുമ്പുവരെ അദ്ദേഹത്തെ വേട്ടയാടിയവരാണെന്ന സത്യം സമൂഹം തിരിച്ചറിഞ്ഞുവെന്നും യോഗം വിലയിരുത്തി.

പണാപഹരണം കണ്ടുപിടിക്കപ്പെട്ടതോടെയാണ് മഹേശൻ ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിലെ സാമ്പത്തിക സ്ഥിതി വിലയിരുത്തിയാൽ ഇത് മനസിലാക്കാൻ കഴിയും. അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടു കെട്ടി പാവങ്ങളുടെ പണം തിരിച്ചുപിടിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് ജെ.പി. വിനോദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഡയറക്ടർ ബോർഡ് അംഗം വി.ശശികുമാർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സജേഷ് നന്ത്യാട്ട് പ്രമേയം അവതരിപ്പിച്ചു.കേന്ദ്ര കമ്മിറ്റി അംഗം മണിലാൽ,യൂണിയൻ കൗൺസിലർമാരായ ഷിജു പെരുമ്പളം,ഷാബു ഗോപാൽ,സൈജു വട്ടക്കര,ഷിബു വയലാർ,ശ്യാംകുമാർ,പ്രിൻസ്മോൻ,സുജീഷ് മഹേശ്വരി,കെ.എസ്.മനോജ്,രാജേഷ് വയലാർ,മിനേഷ് രതീഷ്,മനുലാൽ എന്നിവർ പങ്കെടുത്തു.സെക്രട്ടറി അജയൻ പറയകാട് സ്വാഗതവും ജോയിന്റ് സെക്രട്ടറി റജി പുത്തൻചന്ത നന്ദിയും പറഞ്ഞു.