മാവേലിക്കര: കണ്ടിയൂരിലുള്ള ആശുപത്രിക്കെതിരെ നവമാധ്യമങ്ങളിൽ വ്യാജപ്രചരണം നടത്തുന്നതിനെതിരെ ആശുപത്രി അധികൃതർ മാവേലിക്കര പൊലീസിൽ പരാതി നൽകി. കണ്ടിയൂർ ശ്രീകണ്ഠപുരം ആശുപത്രിക്കെതിരെയാണ് വാട്സ് ആപ്പിലൂടെയും ഫെയ്സ് ബുക്കിലൂടെയും വ്യാജ പ്രചാരണം നടത്തുന്നത്.

കഴിഞ്ഞ ദിവസം ഇവിടെ, വിവരം മറച്ചുവച്ച് ചികിത്സയിൽ പ്രവേശിച്ച കായംകുളം എരുവ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് ഇയാൾ പനിക്ക് ചികിത്സക്കായി കണ്ടിയൂരിലെ ആശുപത്രിയിൽ എത്തിയത്. മുമ്പ് പനിക്ക് ചികിത്സക്കായി കായംകുളം ഗവ.ആശുപത്രിയിൽ എത്തിയപ്പോൾ ഇയാളുടെ സ്രവം പരിശോധനയ്ക്കായി എടുത്തിരുന്നു. എന്നാൽ ഇതറിയിക്കാതെയാണ് കണ്ടിയൂരിൽ ചികിത്സ തേടിയത്. തൊട്ടടുത്ത ദിവസം സ്രവ പരിശോധനാ ഫലം വന്നതോടെയാണ് രോഗിക്ക് കോവിഡ് ഉണ്ടെന്ന് അറിയുന്നത്.

ഇതിന്റെ അടിസ്ഥാനത്തിൽ രോഗിയെ ചികിത്സിച്ച മൂന്ന് ഡോക്ടർമാർ അടക്കം 15 ജീവനക്കാരെ ക്വാറന്റൈൻ ചെയ്തിരുന്നു. തുടർന്ന് ആശുപത്രി അണുവിമുക്തമാക്കിയ ശേഷം ആരോഗ്യ വകുപ്പിന്റെയും നഗരസഭയുടെയും തഹസിൽദാരുടെയും അനുമതിയോടെ ആശുപത്രി പ്രവർത്തനം ആരംഭിച്ചു. എന്നാൽ ആശുപത്രിയിൽ വീണ്ടും കോവിഡ് രോഗി എത്തിയെന്നും ഡോക്ടർമാർ എല്ലാവരും ക്വാറന്റൈനിൽ ആണെന്നുമുള്ള തരത്തിലാണ് പ്രചരണം നടക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.