ചേർത്തല: ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന് ആരോപിച്ച് ചേർത്തല ജോയിന്റ് ആർ.ടി.ഒ ഓഫീസിലെ എം.വി.ഐക്കെതിരെ കള്ളപ്പരാതി നൽകിയ, ചേർത്തല ജോയിന്റ് ആർ.ടി.ഒ ഓഫീസിലെ തന്നെ മറ്റൊരു എം.വി.ഐയായിരുന്ന കിഷോർകുമാറിനെതിരെ ചേർത്തല പൊലീസ് കേസെടുത്തു. 2019 ആഗസ്റ്റ് 24ന് ഓഫീസിൽ വെച്ച് ജാതിപ്പേര് വിളിച്ചെന്ന് ആരോപിച്ച് കിഷോർ പൊലീസിൽ പരാതി നൽകുകയായിരുന്നു.പട്ടിക ജാതി പട്ടിക വർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം ചേർത്തല പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ തുടർന്നുള്ള അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എൻ.ആർ.ജയരാജിന്റെ മേൽനോട്ടത്തിലാണ് നടന്നത്.പരാതിയിൽ വാസ്തവമില്ലെന്നും നൽകിയ മൊഴി കളവാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.ഇത് സംബന്ധിച്ച് കോടതിയിൽ റിപ്പോർട്ടും നൽകി.കള്ളപ്പരാതി നൽകിയ കിഷോറിനെതിരെ കേസെടുക്കണമെന്ന അന്വേഷണ ഉദ്യാേഗസ്ഥന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി പി.എസ്.സാബുവിന്റെ നിർദ്ദേശത്തെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. കിഷോർ ഇപ്പോൾ എറണാകുളം ജോയിന്റ് ആർ.ടി.ഒ ഓഫീസിൽ എം.വി.ഐയായി ജോലി ചെയ്യുകയാണ്.