കോലഞ്ചേരി: കോടതി കാമുകനൊപ്പം വിട്ട യുവതിയെ പിതാവ് തട്ടി കൊണ്ടു പോയി. വടയമ്പാടി സ്വദേശി സാജു തുരുത്തികുന്നേലിന്റെ മകൾ ശിവകാമിയെയാണ് സാജുവടങ്ങുന്ന സംഘം നാലു കാറുകളിലായെത്തി കൊച്ചി ധനുഷ്കോടി ദേശീയ പാത ശാസ്താം മുകളിൽ വച്ച് തട്ടിയെടുത്തത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം.

ആലപ്പുഴ വണ്ടാനം സ്വദേശി രമേശിന്റെ മകൻ ശ്രീശാന്തിനൊപ്പമാണ് കോലഞ്ചേരി കോടതി ശിവകാമിയെ വിട്ടയച്ചത്. ആയുർവ്വേദ ഡോക്ടറായ ശിവകാമിയും,ബി.എസ് സി നഴ്സിഗ് വിദ്യാർത്ഥിയായ ശ്രീശാന്തും ബംഗളുരുവിൽ ഇന്റേൺഷിപ്പിനിടെയാണ് പരിചയപ്പെട്ടത്. പിന്നീട് അഞ്ചൽ മഹാദവേ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. നാലു ദിവസം മുമ്പ് ശിവകാമിയെ വീട്ടിൽ ന‌ിന്നും കാണാതായി. തുടർന്ന് പിതാവ് പുത്തൻകുരിശ് പൊലീസിൽ പരാതി നല്കി. പൊലീസ് അന്വേഷണത്തിനിടെ ഇന്നലെ രാവിലെ യുവാവിന്റെ കുടുംബത്തോടൊപ്പം ശിവകാമി പുത്തൻകുരിശ് പൊലീസിൽ ഹാജരായി. തുടർന്ന് പൊലീസ് കോലഞ്ചേരി കോടതിയിൽ ഹാജരാക്കിയതോടെ വിവാഹ രേഖകളടക്കം സമർപ്പിച്ച് ശ്രീശാന്തിനൊപ്പം പോകണമെന്ന് ശിവകാമി അറിയിച്ചു. കോടതി യുവതിയെ ശ്രീശാന്തിനൊപ്പം പറഞ്ഞു വിട്ടു. തുടർന്ന് ആലപ്പുഴയിലേയ്ക്ക് പോകും വഴിയാണ് നാലു കാറുകളിലായെത്തിയ പിതാവിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം ഇവരെ അക്രമിച്ച് ശിവകാമിയുമായി കടന്നത്. സംഘർഷത്തിൽ ശ്രീശാന്തിന്റെ സഹോദരൻ നിശാന്തിന് ഗുരുതരമായി പരിക്കേറ്റു. കോടതി ഉത്തരവനുസരിച്ച് പോയ സംഘത്തെ അക്രമിച്ചവരെ കണ്ടെത്താൻ പുത്തൻകുരിശ് പൊലീസ് ഇൻസ്പെക്ടർ സാജൻ സേവ്യറിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കി.