അമ്പലപ്പുഴ:കൊവിഡ് ആശങ്കയെത്തുടർന്ന് തകഴി വെയർ ഹൗസിംഗ് കോർപ്പറേഷൻ ഗോഡൗൺ താൽക്കാലികമായി അടച്ചു. ജീവനക്കാരെല്ലാം ക്വാറന്റൈനിൽ പോകാൻ നിർദേശം നൽകി.കഴിഞ്ഞ ദിവസം പുളിങ്കുന്നിൽ കുഴഞ്ഞു വീണയാളെ വെയർ ഹൗസിംഗ് കോർപ്പറേഷനിലെ ജീവനക്കാരനായ പുളിങ്കുന്ന് സ്വദേശിയാണ് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്.കുഴഞ്ഞു വീണയാൾ പിന്നീട് മരിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.
12 ജീവനക്കാർ വെയർ ഹൗസിംഗ് കോർപ്പറേഷനിലും മറ്റ് 18 ജീവനക്കാർ അവരവരുടെ വീടുകളിലും കഴിയാനാണ് നിർദേശം നൽകിയിരിക്കുന്നത്.ഇന്നലെ ഫയർഫോഴ്സ് ഗോഡൗണിൽ അണുനശീകരണം നടത്തി.