ആലപ്പുഴ : സൗദിയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ശേഷം കാറിൽ ഡ്രൈവ് ചെയ്ത് തിരുവനന്തപുരത്തെ വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് അപകടത്തിൽപ്പെട്ടു. വിദേശത്തു നിന്നും വന്നയാളായതിനാൽ അപകടസ്ഥലത്ത് കൂടിയവരും പരിഭ്രാന്തരായി. ഇന്നലെ രാത്രി എട്ടരയോടെ ദേശീയപാതയിൽ വണ്ടാനം മെഡിക്കൽ കോളേജ് ജംഗ്ഷന് സമീപം വച്ചാണ് തിരുവനന്തപുരം സ്വദേശിയുടെ കാർ സ്കൂട്ടറുമായി ഇടിച്ചത്. കാറിൽ നിന്നും ഇറങ്ങാതിരുന്ന യുവാവ് ഗ്ളാസ് താഴ്ത്തിയിട്ട് താൻ സൗദിയിൽ നിന്ന് വരുന്നവഴിയാണെന്നറിയിച്ചു. സാമൂഹ്യപ്രവർത്തകൻ നവാസ് കോയയുടെ ഇടപെടലിൽ എല്ലാവരെയും കാറിനു സമീപത്തു നിന്ന് മാറ്റിയതോടെയാണ് ആശങ്കയകന്നത്. പഞ്ചറായതിനാൽ ടയർ സ്വയം മാറ്റിയിട്ട ശേഷമാണ് യുവാവ് യാത്ര തുടർന്നത്.