 കളനാശിനികളെ പ്രതിരോധിക്കുന്ന കളകൾ ഭീഷണി

ആലപ്പുഴ:കളകളുടെ പ്രതിരോധശേഷി കൂടിയതോടെ, ഗുണനിലവാരം കുറഞ്ഞ കീടനാശിനികളുടെ പ്രയോഗം കർഷകർക്ക് തലവേദനയാവുന്നു. ജില്ലയിൽ രണ്ടാംകൃഷി ഇറക്കിയ ഭൂരിഭാഗം പാടശേഖരങ്ങളിലും രണ്ടിലധികം തവണ കളനാശിനി അടിച്ചിട്ടും ഫലമില്ലാത്ത അവസ്ഥയാണ്.

കുട്ടനാട്, അപ്പർകുട്ടനാട്, കരിനിലങ്ങൾ എന്നിവിടങ്ങളിലായി 13,000 ഹെക്ടറിലാണ് ഇത്തവണ രണ്ടാംകൃഷി ഇറക്കിയിട്ടുള്ളത്. കുതിരപ്പുല്ല്, കവട, കോര, കാക്കപ്പോള, പുളുപ്പൻ, വരി എന്നീ കളകളാണ് നെൽച്ചെടിയുടെ വളർച്ചക്ക് തടസമാകുന്നത്. റൈസ്റ്റാർ, അഫിനിറ്റി, ടൂഫോർ ഡി എന്നീ കളനാശിനികളാണ് സാധാരണഗതിയിൽ സ്പ്രേ ചെയ്യുന്നത്. മരുന്ന് തളിച്ച് 48 മണിക്കൂറിന് ശേഷം പാടത്ത് വെള്ളം കയറ്റും. ഏഴു ദിവസം കഴിഞ്ഞ് വെള്ളം ഒഴുക്കിവിടുമ്പോൾ കളകൾ പൂർണ്ണമായി അഴുകുന്നതായിരുന്നു പതിവ്. എന്നാൽ മരുന്ന് തളിക്കുമ്പോൾ കരിയുകയും വെള്ളം ഇറങ്ങുമ്പോൾ പൂർവവാധികം ശക്തിയോടെ കിളിർക്കുന്നതുമാണ് കളകളുടെ ഇപ്പോഴത്തെ സ്വഭാവം.

സ്ഥിരമായി കളനാശിനി ഉപയോഗിക്കുന്നതിനാൽ കളകൾക്ക് സ്വയം പ്രതിരോധശേഷി വർദ്ധിക്കുമെന്ന് മങ്കോമ്പ് നെല്ല് ഗവേഷണ കേന്ദ്രം അധികൃതർ പറയുന്നു. കളകളുടെ ജനതകമാറ്റമാണ് ഇതിന് കാരണം. ഒരു ഏക്കറിലെ നെൽച്ചെടിക്കുള്ള മരുന്ന് 120 ലിറ്റർ വെള്ളത്തിൽ വേണം തളിക്കാൻ. ഇത് 80 ലിറ്ററായി ചുരുക്കുന്നതും കള നശിക്കാത്തതിന് കാരണമാണ്. ഒരേക്കർ കൃഷിഭൂമിയിൽ തളിക്കുന്നതിന് വേണ്ടി വരുന്ന മൂന്ന് മരുന്നിന് 2650 രൂപയാവും. ജോലിക്കൂലിയായി മാത്രം 960 രൂപ നൽകണം. രണ്ട് തവണ വീതം മരുന്ന് തളിച്ചിട്ടും കള നശിക്കാത്തതിനാൽ സ്ത്രീ തൊഴിലാളികളെ നിയോഗിച്ച് കള പറിച്ചു കളയുകയാണ്. ഒരു സ്ത്രീ തൊഴിലാളിയുടെ ഭക്ഷണം ഉൾപ്പെടെയുള്ള ചെലവ് 500 രൂപയാണ്. ഏക്കറിന് 15 തൊഴിലാളികളെങ്കിലും വേണ്ടിവരും. അധികചെലവ് കർഷകർക്ക് സാമ്പത്തിക ബാദ്ധ്യതയാണ്.

# ഏക്കറിൽ തളിക്കുന്ന മരുന്നും വിലയും (സഹകരണസംഘം)

 റൈസ്റ്റാർ 400മില്ലി: 2100 രൂപ

(കുതിരപ്പുല്ല്, കവട)

 അഫിനിറ്റി 25ഗ്രാം: 350 രൂപ

(കോരകള)

 ടു ഫോർ ഡി 500 ഗ്രാം: 200 രൂപ

(പുളിപ്പൻ, കാക്കപോള)

....................................

കീടനാശിനിയുടെ ഗുണനിലവാരക്കുറവല്ല പ്രധാനകാരണം. ഓരോ വർഷവും കളകളുടെ പ്രതിരോധ ശേഷി വർദ്ധിക്കുന്നു. ശരിയായ അനുപാതത്തിൽ മരുന്നു തളിക്കാത്തതും കളകൾ വർദ്ധിക്കാൻ കാരണമാകുന്നുണ്ട്. കളനാശിനികൾ പൂർണ്ണമായും ഫലപ്രദമല്ല

(സ്മിത,മങ്കോമ്പ് നെല്ല് ഗവേഷണ കേന്ദ്രം)


..................................

കളനാശിനിക്കും കീടനാശിനിക്കും ഗുണനിലവാരം കുറവാണ്. പലവിധത്തിലുള്ള മരുന്നുകൾ എത്ര അനുപാതത്തിൽ സ്പ്രേ ചെയ്യണമെന്ന് ശരിയായ ബോധവത്കരണം നൽകുന്നില്ല. കൃഷിഭവനുകളിൽ കർഷകരുടെ വിഷയങ്ങളെക്കാൾ ഉപരി മറ്റു കാര്യങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്

(കരിനില കർഷകർ)

.............................................