പ്ലാറ്റ്ഫോം ലോറികൾക്ക് ദുരിതകാലം
ആലപ്പുഴ: കൊവിഡ് വട്ടം ചാടിയതോടെ ഓട്ടം മുടങ്ങിയ പ്ളാറ്റ്ഫോം ലോറികളുടെ ഉടമകൾ നെട്ടോട്ടത്തിൽ. മറിച്ചുവില്പന നടക്കുന്നില്ല. ആക്രിയായിട്ടെങ്കിലും തിരിമറി നടക്കുമോ എന്ന ആലോചനയിലാണ് മുതലാളിമാർ. ഭീമമായ ടാക്സിൽ നിന്നുള്ള മോചനമാണ് ഏക ആശ്വാസം.
ജില്ലയിൽ, ഒരുകാലത്ത് 700 ഓളം പ്ളാറ്റ് ഫോം ലോറികളുണ്ടായിരുന്നു. നിലവിൽ എണ്ണം 200ൽ താഴെയാണ്. കണ്ടെയ്നർ വാഹനങ്ങളുടെയും, ഗുഡ്സ് വാഗണിന്റെയും കടന്നുവരവോടെ വർഷങ്ങളായി ലോറി മേഖല പ്രതിസന്ധിയിലാണ്. ക്വാറികളിൽ നിയന്ത്രണം വന്നതോടെ ടിപ്പറുകൾക്കും പണിയില്ലാതായി. ഹൈവേകളിലും സംസ്ഥാന പാതയിലും നിരവധി ലോറികൾ കടന്നുപോകുന്നുണ്ടെങ്കിലും അവയിൽ ബഹുഭൂരിപക്ഷവും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നതാണ്. ഓണം, വിഷു പോലെയുള്ള സീസണിൽ പോലും നാട്ടിലെ ലോറികൾക്ക് ഓട്ടം ലഭിക്കാറില്ല.
ആലപ്പുഴയിലെ ലോറികളെ സംബന്ധിച്ച്, കടൽ മത്സ്യങ്ങൾ വിവിധ സംസ്കരണ കേന്ദ്രങ്ങളിലും, വില്പന ശാലകളിലും ഇറക്കുന്ന ഓട്ടമാണ് ജില്ലയ്ക്ക് പുറത്തേക്ക് കിട്ടുന്നത്. അന്തർസംസ്ഥാന ഓട്ടം ലഭിക്കാനുള്ള സാദ്ധ്യത കുറവാണ്. എഫ്.സി.ഐ ഗോഡൗണിലേക്കുള്ള അരിയും ഗോതമ്പും പയർ വർഗങ്ങളുടെയും കയറ്റിറക്കാണ് മറ്റൊരും പ്രധാന വരുമാനം. ഗുഡ്സ് വാഗണിൽ അയയ്ക്കുന്ന ചരക്ക്, വാഗണിൽ നിന്നു ഫുഡ് കോർപ്പറേഷന്റെ ഗോഡൗണിലേക്കും അവിടെ നിന്നു റേഷൻ കടകളിലേക്കും എത്തിക്കാനുള്ള ഓട്ടം മുടക്കമില്ലാതെ ലഭിക്കുന്നുണ്ട്. വരുമാനമില്ലായ്മയ്ക്കിടയിലും ഉയരുന്ന ഡീസൽ വിലയും, നികുതികളുമാണ് ലോറി മേഖലയെ തളർത്തുന്നത്.
..................
മക്ഡവൽ ചതിച്ചു!
ചേർത്തലയിൽ മക്ഡവൽ പ്രവർത്തനം സജീവമായിരുന്ന കാലത്ത് പ്രതിദിനം 60 ലോഡുകളുടെ വരെ ഓട്ടം ലോറികൾക്ക് ലഭിക്കുമായിരുന്നു. ജില്ലയിൽ ഏറ്റവുമധികം ലോറി ഉടമകളുള്ളതും ചേർത്തലയിലാണ്. കമ്പനി പൂട്ടിയതോടെ ഓട്ടമില്ലാതായി. ശേഷിച്ചിരുന്ന ബിയർ പാർലർ യൂണിറ്റ് പാലക്കാട്ടേക്കു മാറ്റി. ഇതോടെ ലോറിത്തൊഴിലാളികളുടെ വരുമാനം പൂർണമായും നിലച്ചു. ഉത്സവ സീസണുകളിൽ ആനകളുമായുള്ള യാത്രയുമുണ്ടായിരുന്നു. ഇത്തവണ അതും നിലച്ചു.
....................
വേണം, നിരീക്ഷണ കേന്ദ്രം
കൊവിഡിന്റെ പശ്ചാത്തലത്തിൽ അന്യ സംസ്ഥാന ലോറികൾക്ക് നിയന്ത്രണങ്ങളും പരിശോധനകളും ഏർപ്പെടുത്തുന്നുണ്ടെങ്കിലും, ജീവനക്കാർ യാതൊരു മുൻകരുതലുമില്ലാതെ പുറത്തിറങ്ങി കറങ്ങിനടക്കുന്ന സ്ഥിതിയുണ്ട്. ഇത് തടയാനായി അതത് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഇവർക്കായി പ്രത്യേകം നിരീക്ഷണ കേന്ദ്രങ്ങൾ ആരംഭിക്കണമെന്നാണ് ആവശ്യം. ആലപ്പുഴ നഗരത്തിലെത്തുന്ന ലോറികൾ സ്വകാര്യ ബസ് സ്റ്റാൻഡിലും, ഇ.എം.എസ് സ്റ്റേഡിയത്തിലും പാർക്ക് ചെയ്യിപ്പിച്ച ശേഷം രണ്ടെണ്ണം വീതം മാത്രമാണ് ഒരു സമയത്ത് മാർക്കറ്റുകളിലേക്ക് അയക്കുന്നത്.
..............................
പെട്രോൾ, ഡീസൽ ചാർജ് വർദ്ധിപ്പിച്ചതോടെ മോട്ടോർ രംഗം ആകെ പ്രതിസന്ധിയിലാണ്. ഓട്ടമില്ലാതെ പലരും മേഖലതന്നെ വിടുകയാണ്. അന്യ സംസ്ഥാനത്ത് നിന്നെത്തുന്ന ലോറികളിലെ ജീവനക്കാർക്ക് നിരീക്ഷണത്തിലിരിക്കാനുള്ള സംവിധാനം എത്രയും വേഗം തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കണം
ഒ.അഷറഫ്, ജില്ലാ സെക്രട്ടറി, ലോറി ട്രാൻസ്പോർട്ട് ഡ്രൈവേഴ്സ് ആൻഡ് ക്ലീനേഴ്സ് യൂണിയൻ
....................
700: ജില്ലയിൽ മുമ്പുണ്ടായിരുന്ന പ്ളാറ്റ്ഫോം ലോറികൾ
200: നിലവിൽ ലോറികളുടെ എണ്ണം