ആലപ്പുഴ: സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടനയുടെ നേതൃത്വത്തിൽ ജില്ലയിലെ രണ്ട് പേരുടെ സമൂഹവിവാഹം നാളെ നടക്കുമെന്ന് പ്രസിഡന്റ് ഹംസ എ.കുഴുവേലി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മണ്ണഞ്ചേരി ഫാൽക്കൺ ഓഡിറ്റോറിയത്തിലാണ് വിവാഹചടങ്ങുകൾ. ഒരാൾക്ക് പത്ത് പവൻ സ്വർണാഭരണവും വിവാഹച്ചെലവും പുതുവസ്ത്രങ്ങളുടെയും ചെലവ് സംഘടനയാണ് വഹി​ക്കുന്നത്. 2022ൽ പത്ത് പെൺ​കുട്ടികളുടെ വിവാഹം നടത്തുവാനാണ് സംഘടന ലക്ഷ്യമിടുന്നത്.

ഇത്തവണ രണ്ട് അപേക്ഷകൾ മാത്രമാണ് ലഭിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. ചടങ്ങിൽ പ്രതിക്ഷനേതാവ് രമേശ് ചെന്നിത്തല, എ.എം.ആരി​ഫ് എം.പി, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സന്തോഷ് എന്നിവർ പങ്കെടുക്കും. 52വിധവകൾക്ക് 600രൂപ വീതം പെൻഷൻ, മരുന്ന് വിതരണം, ഓട്ടോറിക്ഷ വിതരണം, തയ്യൽമെഷീൻ വിതരണം വിമാനയാത്രയ്ക്കുള്ള ടിക്കറ്റ് നിരക്ക് എന്നീ സഹായങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിവരുന്നതായും ഹംസ എ.കുഴുവേലി പറഞ്ഞു. വാർത്താസമ്മേളനത്തിൽ സെക്രട്ടറി അഡ്വ. അബ്ദുൾ ലത്തീഫ്, ജനറൽ കൺവീനർ നസീർ പുന്നക്കൽ, കേന്ദ്രകമ്മിറ്റി ജിദ്ദ പ്രസിഡന്റ് യു.അബ്ദുൾ ലത്തീഫ്, യു.നിസാർ, നാസർ എ.നൗഷാദ്, നിസാം മുസ്തഫ എന്നിവർ പങ്കെടുത്തു.