 ക്വാറന്റൈൻ മാനദണ്ഡങ്ങൾ പലർക്കും തമാശ!

കായംകുളം: കായംകുളത്ത് ഇന്നലെ 9 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ നാട് വല്ലാത്ത ആശങ്കയിലായി. നഗരസഭയിലെ 4, 6, 9, 24, 43 എന്നീ വാർഡുകളിലാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്ക വിലക്കുള്ളവർ ക്വാറന്റൈൻ മാനദണ്ഡങ്ങൾ പാലിക്കാത്തത് രോഗവ്യാപനം കൂട്ടുന്നുവെന്നാണ് വിലയിരുത്തൽ.

കൊവിഡ് ബാധിച്ച് കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കായംകുളം മാർക്കറ്റിലെ വ്യാപാരി, കായംകുളം കൊറ്റുകുളങ്ങര തറയിൽ പടീറ്റതിൽ (മുണ്ടകത്തിൽ) ഷെറഫുദ്ദീൻ (65) രണ്ട് ദിവസം മുമ്പാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മകളും മരുമകനും ഉൾപ്പെടെ കുടുംബത്തിലെ 17 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 33 പേർക്കാണ് കായംകുളത്ത് രോഗം സ്ഥിരീകരിച്ചത്.

കൂടുതൽ പേരെ പരിശോധിക്കുന്നതിന്റെ ഭാഗമായി ഷെഹിദാർ മദ്രസ ഹാളിൽ പുതിയ സ്രവ പരിശോധനാ കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചു. താലൂക്ക് ആശുപത്രിയിലും ഇവിടെയുമായി ഇന്നലെ 250 പേരുടെ സ്രവം പരിശോധനയ്ക്കെടുത്തു. കൊവിഡ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലുള്ളവർ മാനദണ്ഡങ്ങൾ പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നതും മറ്റുള്ളവരുമായി സഹകരിക്കുന്നതും രോഗവ്യാപനം കൂടുന്നതിന് കാരണമാകുന്നുവെന്ന് അധികൃതർ പറയുന്നു. രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, വേഗം ഫലം അറിയാൻ കഴിയുന്ന ട്രുനാട്ട് മെഷീൻ ചേരാവള്ളി അർബൻ ഹെൽത്ത് സെന്ററിൽ സ്ഥാപിക്കാനുള്ള നടപടി തുടങ്ങി.

നിലവിൽ രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് തയ്യാറാക്കൽ പ്രതിസന്ധിയിലാണ്. മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും കർശന നടപടി സ്വീകരിക്കാൻ നഗരസഭ പൊലീസിന് കത്ത് നൽകിയിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ളവർ കർശനമായി ക്വാറന്റൈൻ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ രോഗവ്യാപനം കൂടാൻ സാദ്ധ്യതയുണ്ടെന്നും ഇത് കടുത്ത നിയന്ത്രണങ്ങൾക്ക് കാരണമാകുമെന്നും നഗരസഭ ചെയർമാൻ എൻ. ശിവദാസൻ പറഞ്ഞു.